മലപ്പുറം: കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരിയാക്കുന്നതിന്റെ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. പാതയുടെ ഭൂമി ഏറ്റെടുപ്പ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലെ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 72 കിലോമീറ്ററാണ് പാതക്കായി നീക്കിവെച്ചിരിക്കുന്നത്. ഈ ഭൂമി വിട്ടു കൊടുക്കുന്ന 40 ശതമാനത്തിലധികം പേർക്ക് നഷ്‌ടപരിഹാര തുക നൽകി. ഭൂമി വിട്ടു നൽകിയ
3329 പേർക്ക് 1445 കോടി രൂപ കൈമാറി.
തുകയുടെ വിതരണം 30 നുള്ളിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ നിർദ്ദേശം. 24 വില്ലേജുകളിലായി 203 ഹെക്‌ടർ ഭൂമിയാണ് പാതക്ക് വേണ്ടി ഏറ്റെടുക്കുന്നത്. ഇതിൽ 172 ഹെക്‌ടർ സ്വകാര്യ ഭൂമിയും 31 ഹെക്‌ടർ സർക്കാർ ഭൂമിയുമാണ്. ഓഗസ്‌റ്റിൽ ഭൂമി കരാറുകാർക്ക് കൈമാറും. തുടർന്ന് സെപ്‌റ്റംബറിൽ നിർമാണ പ്രവൃത്തികൾ ആരംഭിക്കും.
സ്‌ഥലം നൽകിയവർ വ്യക്‌തമായ രേഖകൾ ഹാജരാക്കിയാൽ കാലതാമസമില്ലാതെ നഷ്‌ടപരിഹാര തുക അക്കൗണ്ടിൽ എത്തുമെന്ന് ദേശീയപാതാ അതോറിറ്റി ജില്ലാ ലെയ്സൺ ഓഫിസർ പിടിഎം അഷ്‌റഫ് പറഞ്ഞു.
Read Also: മലപ്പുറത്ത് വയോധികയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തി; ദുരൂഹത