പാലക്കാട്: മാത്തൂർ പഞ്ചായത്തിലെ ആറ് അയൽക്കൂട്ടങ്ങൾക്ക് രജിസ്‌ട്രേഷൻ പുതുക്കി നൽകാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കുടുംബശ്രീ അംഗങ്ങൾ. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജില്ലാ കുടുംബശ്രീ മിഷൻ അയൽക്കൂട്ടങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുതുക്കി നൽകാത്ത നടപടിയിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത് രാഷ്‌ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയരുന്നുണ്ട്.
കുടുംബശ്രീ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് അയൽക്കൂട്ടങ്ങൾക്ക് അംഗീകാരം നൽകാതെ പ്രതികാര നടപടിയുമായി ജില്ലാ മിഷൻ മുന്നോട്ട് പോകുന്നതെന്നാണ് അംഗങ്ങൾ പറയുന്നത്. ഇതുമൂലം, അയൽക്കൂട്ടങ്ങളിൽ ഉൾപ്പെട്ട നൂറോളം കുടുംബങ്ങൾക്ക് കോവിഡ് വായ്‌പ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളാണ് നഷ്‌ട പെട്ടത്. നിരവധി തവണ രജിസ്ട്രേഷനായി ജില്ലാ മിഷനെ സമീപിച്ചിരുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയാണ് ചെയ്‌തതെന്നാണ് കുടുംബശ്രീ അംഗങ്ങൾ പറയുന്നത്.
ഇക്കാരണം പറഞ്ഞ് സിഡിഎസ് തിരഞ്ഞെടുപ്പിൽ പോലും ആറ് അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്ക് വോട്ടവകാശം നിഷേധിച്ചിരിക്കുകയാണെന്നും പരാതി ഉണ്ട്. കൂടാതെ, കഴിഞ്ഞ അഞ്ചു വർഷമായി കുടുംബശ്രീ സംബന്ധമായ ഒരു അപേക്ഷയും ജില്ലാ മിഷൻ സ്വീകരിക്കുന്നില്ലെന്നും പരാതി ഉണ്ട്. അതേസമയം, മാർച്ച് 31ന് രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും കുടുംബശ്രീ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
എന്നാൽ കഴിഞ്ഞ മാസം 22ന് അംഗീകാരം പുതുക്കി നൽകാമെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഉറപ്പ് നൽകിയിരുന്നെങ്കിലും അതും പാഴ്‌വാക്കായി. ഇതേ തുടർന്ന് വിവിധ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്നും നടപടി ഉണ്ടാവാത്തതോടെയാണ് അംഗങ്ങൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
Most Read: അനധികൃത സ്വത്ത് സമ്പാദന പരാതി; സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ