കോഴിക്കോട്: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തട്ടിപ്പിനിരയായവർക്ക് അവരുടെ നിക്ഷേപം തിരിച്ചു കിട്ടുന്നതിന് നിയമപരമായ എല്ലാ സഹായവും ലഭ്യമാക്കുന്നതിന് സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി വ്യക്‌തമാക്കി.
സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫിസ് ഉൽഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. നിക്ഷേപ തട്ടിപ്പിന് ഇരയായവരുടെ ആവശ്യപ്രകാരം ജ്വല്ലറിക്ക് സമീപം എത്തി പരാതിക്കാരുമായി മന്ത്രി കൂടിക്കാഴ്‌ച നടത്തി.
ആക്ഷൻ കമ്മിറ്റി ഭാരവാഹികളും സ്‌ത്രീകൾ അടക്കമുള്ളവരും നിലവിലെ അവസ്‌ഥ മന്ത്രിയെ ബോധിപ്പിച്ചു. ജ്വല്ലറിയിൽ നിന്ന് പോലീസ് കണ്ടെത്തിയ സ്വർണത്തിന് പുറമെ ബാക്കിയുള്ള സ്വർണം കൂടി കണ്ടെത്തണമെന്നും ജ്വല്ലറിയിലെ സിസി ടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാർ മന്ത്രിക്ക് നിവേദനം നൽകി.
കെപി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എഎം റഷീദ്, എംകെ ശശി, പഞ്ചായത്ത് പ്രസിഡണ്ട് ഒടി നഫീസ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Most Read: നിർധന വിദ്യാർഥികൾക്ക് പഞ്ചായത്തിന്റെ സൗജന്യ ഇന്റർനെറ്റ്; സംസ്‌ഥാനത്ത് ആദ്യം