ലഖ്‌നൗ: ലഖിംപൂരിൽ കർഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉത്തർപ്രദേശ് പോലീസിന് മുന്നിൽ ഹാജരായി. ലഖിംപൂരിലെ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ആശിഷ് ഹാജരായത്.
ലഖിംപൂർ സംഘർഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ട് വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. രാവിലെ 10.40ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തിയത്. 11 മണിക്ക് ഹാജരാകണമെന്നായിരുന്നു യുപി പോലീസിന്റെ നിർദ്ദേശം. വെള്ളിയാഴ്‌ചയാണ് സമൻസ് നൽകിയത്.
ഒക്‌ടോബർ മൂന്നിനാണ് ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ സംഘർഷം നടന്നത്. അജയ് മിശ്രയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. ആശിഷ് മിശ്ര സഞ്ചരിച്ച കാറാണ് കർഷകർക്ക് നേരെ ഇടിച്ചു കയറിയതെന്നാണ് കേസ്. അതേസമയം, സംഭവം നടന്ന സമയം താനോ ആശിഷോ സ്‌ഥലത്തുണ്ടായിരുന്നില്ല എന്നാണ് കേന്ദ്രമന്ത്രിയുടെ വാദം.
Read Also: മാർക്ക് ജിഹാദ്; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു