തിരുവനന്തപുരം: കേരളത്തിനെതിരെ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ രാകേഷ് പാണ്ഡെ നടത്തിയ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഭിന്നിപ്പിനുള്ള ശ്രമമാണ് പ്രസ്‌താവനക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു. അധ്യാപകന്റെ മനസിലെ വര്‍ഗീയ ചിന്തയാണ് പുറത്തുവന്നത്. സംസ്‌ഥാനത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
ഡെൽഹി സർവകലാശാലയിൽ കേരളത്തില്‍ നിന്നെത്തുന്ന വിദ്യാർഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും മാര്‍ക്ക് ജിഹാദാണ് ഇതിന് പിന്നിലെന്നുമായിരുന്നു അധ്യാപകനായ രാകേഷ് പാണ്ഡെയുടെ വിവാദ പ്രസ്‌താവന. നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡണ്ട് കൂടിയായ രാകേഷ് കുമാര്‍ പാണ്ഡെ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് കേരളത്തിനും മലയാളികള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
ഇതിന് പിന്നാലെ വിശദീകരണവുമായി ഡെൽഹി സർവകലാശാല രംഗത്ത് വന്നിരുന്നു. തെറ്റായ ആരോപണങ്ങളാണ് അധ്യാപകൻ ഉന്നയിക്കുന്നതെന്നും, ഒരു സംസ്‌ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്നും സർവകലാശാല അറിയിച്ചു. ശശി തരൂർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും അധ്യാപകനെ വിമർശിച്ചിരുന്നു. ഇത്തരം കേരള വിരുദ്ധ പരാമർശങ്ങൾ നിർത്തണം എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
Read Also: കരുവന്നൂർ സഹകരണ ബാങ്ക്; 150 കോടിയുടെ സഹായം നൽകണമെന്ന് ശുപാർശ