ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷക പ്രതിഷേധത്തിന് നേരെ വാഹനം ഓടിച്ചുകയറ്റിയ കേസിലെ പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്കുള്ളിൽ ഹാജരാകണമെന്നാണ് യുപി പോലീസിന്റെ നിർദ്ദേശം.
ആശിഷ് മിശ്ര ലഖിംപൂർ ഖേരിയിലെ വീട്ടിൽ തന്നെയുണ്ടെന്നും ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അജയ് മിശ്ര വ്യക്‌തമാക്കി. ലഖിംപൂരിൽ കർഷകരടക്കം 9 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആശിഷ് മിശ്രയോട് ഇന്നലെ രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് പറഞ്ഞിരുന്നെങ്കിലും ഇയാൾ എത്തിയില്ല. ആശിഷ് മിശ്ര ഒളിവിലാണെന്ന് ആയിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിവരങ്ങൾ ആരാഞ്ഞ സാഹചര്യത്തിലാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പ്രതികളെ അറസ്‌റ്റ് ചെയ്യാത്ത യുപി സർക്കാർ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു. കൊലക്കേസ് പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.
കൊലപാതകത്തിന് കേസെടുത്തിട്ടും എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്യാത്തത്? മറ്റ് കൊലപാതക കേസുകളിലും നിങ്ങൾ പ്രതികളെ ഇതേ രീതിയിലാണോ പരിഗണിക്കാറ്? ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ ഞങ്ങൾ തൃപ്‌തരല്ലെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാൻ ഡിജിപിക്ക് കോടതി പ്രത്യേക നിർദ്ദേശവും നൽകി.
അതേസമയം, സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് സംയുക്‌ത കിസാൻ മോർച്ച. പ്രതികളെ അറസ്‌റ്റ് ചെയ്യാത്ത യുപി സർക്കാർ നടപടിക്കെതിരെ ഈ മാസം 12ആം തീയതി ലഖിംപൂരിൽ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്‌തു. 18ന് രാജ്യവ്യാപക റെയിൽ ഉപരോധം സംഘടിപ്പിക്കും.
Also Read: ‘വെൽക്കം ബാക്ക്, എയർ ഇന്ത്യ’; സന്തോഷം പങ്കുവച്ച് രത്തൻ ടാറ്റ