റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലെന്ന് റിപ്പോർട്. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി-ശെൽവി ദമ്പതികളുടെ മകൾ ഫിലോമിനയാണ് ജിദ്ദ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.
രാജ്യത്ത് നിരോധനമുള്ള മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് എന്നാണ് ലഭിക്കുന്ന വിവരം. മൂന്നുവർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ് ഫിലോമിന. അവധിക്ക് ശേഷം ഈമാസം പത്തിന് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഫിലോമിന ജിദ്ദയിലേക്ക് പോയത്.
ജിദ്ദയിൽ ഇറങ്ങി അവിടെനിന്ന് കണക്ഷൻ ഫ്ളൈറ്റ് മാർഗം റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ, ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ, രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവള ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ കൈമാറാൻ ആവശ്യപ്പെട്ടു എന്നുമായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഇതിനുശേഷം ഫിലോമിനയുമായി ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചില്ല. തുടർന്ന് ആശങ്കയിലായ ബന്ധുക്കളും സാമൂഹിക പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് ഫിലോമിന പോലീസ് കസ്റ്റഡിയിലാണെന്ന വിവരം ലഭിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്




































