കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. അബ്‌കാരി നിയമം 15എ പ്രകാരമാണ് ആലുവ എക്‌സൈസ് റേഞ്ച് കേസെടുത്തത്. 23 വയസിൽ താഴെയുള്ളവരുടെ മദ്യപാനം നിയമലംഘനമെന്ന് എക്‌സൈസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അപകടം ഉണ്ടായി ഉടൻ തന്നെ എക്‌സൈസ് നടപടി സ്വീകരിച്ചതായി എക്‌സൈസ് മന്ത്രി എം ലിജു വ്യക്‌തമാക്കിയിരുന്നു. മൂന്ന് ബാറുകൾക്കെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തതായും ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാവില്ലെന്നും 23 വയസിന് താഴെ പ്രായമുള്ള ആളുകൾക്ക് മദ്യം കൊടുക്കുന്ന ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു.
വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലെ ബാറുകളിലും ഇടപ്പള്ളിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറിലും കയറി മദ്യപിച്ച് ലക്കുകെട്ടാണ് സുഹൈൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. ഞായറാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം. വിമാനതാവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന മിനി കൂപ്പർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
സ്‌കൂട്ടർ യാത്രികരായ സൗത്ത് കർണാടക സ്വദേശി ഇജാസ് (21), വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്നു ഇവർ. ഈ സമയം കാർ സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
മരിച്ച മൂന്നുപേരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു. അപകടത്തിന് ശേഷം നാട്ടുകാർ കാർ ഡ്രൈവറായ സുഹൈലിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അപകട സമയത്ത് കാർ മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സുഹൈലിന്റെ പിതാവിന്റെ പേരിലുള്ളതാണ് വാഹനം.
സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിലായിട്ടുണ്ട്. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്‌തപ്പോഴാണ് മറ്റു രണ്ടുപേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നതായി വ്യക്‌തമായത്. ഇവർ അപകടശേഷം സംഭവ സ്‌ഥലത്ത് നിന്ന് മറ്റൊരു വാഹനത്തിൽ സ്‌ഥലം വിട്ടിരുന്നു.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!




































