ന്യൂഡെൽഹി: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ നേതാവിനെതിരെ ഇന്ത്യാ മുന്നണി മൗനം പാലിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ നേതാവിനെതിരെ പ്രതിപക്ഷം മോശം ഭാഷ പ്രയോഗിച്ചെന്ന് ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.
മഹാരാഷ്‌ട്രയിൽ ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന ബിജെപി വനിതാ നേതാവ് ഷൈനയ്‌ക്ക് എതിരായി ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്ത് നടത്തിയ ലൈംഗികച്ചുവയുള്ള പരാമർശത്തിനെതിരെയാണ് മോദിയുടെ പ്രതികരണം.
”അമ്മമാരും പെൺമക്കളും ഞെട്ടലിലാണ്. ജനങ്ങൾ അവരെ (പ്രതിപക്ഷം) ഒരു പാഠം പഠിപ്പിക്കും”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജാർഖണ്ഡിലെ ബിജെപി സ്‌ഥാനാർഥിയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരിയുമായ സീത സോറനെ അപമാനിച്ച കോൺഗ്രസിനെയും മോദി വിമർശിച്ചു.
കഴിഞ്ഞയാഴ്‌ച തിരഞ്ഞെടുപ്പിൽ ഷൈനയുടെ വിജയസാധ്യതയെ കുറിച്ച് ചോദിച്ചപ്പോഴാണ് അരവിന്ദ് സാവന്ത് എംപി വിവാദപരാമർശം നടത്തിയത്. പരാമർശത്തിൽ സാവന്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്‌തു. ഇറക്കുമതി ചെയ്‌ത ‘മാൽ’ (സാധനം) എന്നായിരുന്നു അരവിന്ദ് സാവന്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശം.
എന്നാൽ, താൻ ‘മാൽ’ അല്ലെന്നും മുംബൈയുടെ മകളാണ്. കഴിഞ്ഞ 20 വർഷത്തോളമായി പ്രവർത്തിച്ചു വരുന്നു. സാവന്തിന്റെയോ ശിവസേനയുടെയോ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ലെന്നും ഷൈന എൻസി പ്രതികരിച്ചിരുന്നു. ബിജെപി കേന്ദ്രങ്ങൾ വൻതോതിൽ ഇത് രാഷ്‌ട്രീയ വിഷയമായി കൊണ്ടുവരികയായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ വിമർശനവും.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ