ന്യൂഡെൽഹി: ബിജെപിയെയും ആർഎസ്എസിനെയും നേരിടാൻ പാർട്ടിയിൽ അച്ചടക്കവും ഐക്യവും അനിവാര്യമാണെന്ന് നേതാക്കളെയും പ്രവർത്തകരെയും ഓർമിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിവിധ സംസ്‌ഥാനങ്ങളിൽ കോൺഗ്രസിനകത്ത് ചേരിപ്പോര് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സോണിയയുടെ പ്രസ്‌താവന.
“ബിജെപി / ആർഎസ്‌എസിന്റെ പൈശാചിക പ്രചാരണത്തെ പ്രത്യയശാസ്‌ത്രപരമായി നമ്മൾ ചെറുക്കണം. ഈ യുദ്ധത്തിൽ വിജയിക്കണമെങ്കിൽ നമുക്ക് ആ ബോധ്യം ഉണ്ടാവണം, ജനങ്ങളുടെ മുന്നിൽ അവരുടെ നുണകൾ തുറന്നുകാട്ടണം. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എഐസിസി സുപ്രധാനവും വിശദവുമായ പ്രസ്‌താവനകൾ മിക്കവാറും എല്ലാ ദിവസവും പുറത്തിറക്കുന്നു. പക്ഷേ, പാർട്ടിയുടെ താഴേത്തട്ടിലുള്ള കേഡറുകളിലേക്ക് അവർ ഇറങ്ങിച്ചെല്ലുന്നില്ല. നമ്മുടെ സംസ്‌ഥാനതല നേതാക്കൾക്കിടയിൽ പോലും വ്യക്‌തതയുടെയും യോജിപ്പിന്റെയും അഭാവം ഞാൻ കാണുന്നുണ്ട്,”- പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ സോണിയ പറഞ്ഞു.
പാർട്ടിക്കകത്ത് അച്ചടക്കവും ഐക്യവും ആവശ്യമാണെന്നും അവർ പറഞ്ഞു. അച്ചടക്കത്തിന്റെയും ഐക്യത്തിന്റെയും പരമപ്രധാനമായ ആവശ്യകത വീണ്ടും ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നാം ഓരോരുത്തരും പ്രധാനമായും ചെയ്യേണ്ടത് സംഘടനയെ ശക്‌തിപ്പെടുത്തലാണ്. ഇത് വ്യക്‌തിപരമായ അഭിലാഷങ്ങളെ മറികടക്കണം. കൂട്ടായതും വ്യക്‌തിഗതവുമായ വിജയം ഇതിൽ അടങ്ങിയിരിക്കുന്നു. അനീതിക്കും അസമത്വത്തിനും എതിരെ ഒരു സംഘടന വിജയിക്കണമെങ്കിൽ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ ഫലപ്രദമായി സംരക്ഷിക്കണമെങ്കിൽ അത് താഴെത്തട്ടിൽ വരെ വ്യാപകമായ പ്രക്ഷോഭമായി മാറണം എന്ന കാര്യം നമ്മുടെ സ്വന്തം ചരിത്രം തന്നെ വ്യക്‌തമാക്കുന്നുണ്ട്; സോണിയ കൂട്ടിച്ചേർത്തു.
Most Read: മയക്കുമരുന്ന് കേസിലെ കോഴ വിവാദം; സമീർ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും