പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പുതിയ ഉദ്യാനം വരുന്നു. കാഞ്ഞിരപ്പുഴ ഡാമിന് താഴെ ചെക്ക്ഡാമിന്റെ ഇടത് വശത്തും നിലവിലെ ഉദ്യാനത്തിന് എതിർവശത്തുമായുള്ള രണ്ടേക്കർ ഭൂമിയിലാണ് നവീന രീതിയിലുള്ള പുതിയ ഉദ്യാനം നിർമിക്കുക. ജലസേചന വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്‌തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി വിനോദസഞ്ചാര പാനലിലെ ആർക്കിടെക്‌ട് സംഘം സ്‌ഥലം സന്ദർശിച്ചു. ജലസേചന വകുപ്പ് സ്‌ഥലത്ത് ലോകബാങ്ക് സഹായത്തോടെ മൂന്ന് കോടി രൂപാ ചിലവിലാണ് ഉദ്യാനം നിർമിക്കുന്നത്. ജലസേചന വകുപ്പിനാണ് പുതിയ നിർമാണച്ചുമതല. ആർക്കിടെക്‌ട് സംഘം എസ്‌റ്റിമേറ്റും റിപ്പോർട്ടും രൂപരേഖയും ഉടൻ കാഞ്ഞിരപ്പുഴ ജലസേചന ഉന്നത ഉദ്യോഗസ്‌ഥർക്ക് സമർപ്പിക്കും.
ഈ റിപ്പോർട് സംസ്‌ഥാന ജലസേചനവകുപ്പിന് അംഗീകാരത്തിനായി സമർപ്പിക്കും. അനുമതി കിട്ടുന്നതോടെ കാഞ്ഞിരപ്പുഴയിൽ ഉദ്യാനത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങും. അടുത്ത മാസം ആദ്യത്തോടെ നിർമാണം തുടങ്ങാനാണ് ലക്ഷ്യം. പുതിയ ഉദ്യാനത്തിൽ നടപ്പാതകൾ, ഇരിപ്പിടങ്ങൾ, വൈദ്യുതി അലങ്കാരം, പുൽത്തകിടികൾ, തൂക്കുപാലം എന്നിവ ഉണ്ടായിരിക്കും.
Most Read: രണ്ടര ലക്ഷം കടന്ന് കോവിഡ്; 24 മണിക്കൂറിൽ 2,64,202 പേർക്ക് രോഗബാധ