കൽപ്പറ്റ: സ്‌കൂൾ തുറന്നതിന് പിന്നാലെ വിദ്യാർഥികൾ എത്തിയത് സമര മുഖത്തേക്ക്. വയനാട് പനമരം ഇഞ്ചിമലക്കടവിലെ വിദ്യാർഥികളാണ് സ്‌കൂൾ തുറന്ന ദിവസം തന്നെ സമരവുമായി ഇറങ്ങിയത്. സ്‌കൂളിലേക്കെത്താൻ പാലം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. 2019ലെ പ്രളയത്തിൽ ഇഞ്ചിമലക്കടവിലെ പാലം തകർന്നിരുന്നു. എന്നാൽ, വർഷം ഇത്ര കഴിഞ്ഞിട്ടും പാലം പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികളുടെ സമരം.
അമ്പതോളം കുട്ടികളാണ് സമരം നടത്തുന്നത്. പാലം തകർന്നതോടെ സ്‌കൂളിലെത്താൻ ദുസ്സഹമായി. നിലവിൽ ചങ്ങാടത്തിലൂടെ എട്ട് കിലോമീറ്റർ ചുറ്റിവളഞ്ഞാണ് വിദ്യാർഥികൾ സ്‌കൂളിൽ എത്തുന്നത്. മുൻപ് ചങ്ങാടത്തിലൂടെ സാഹസികമായി യാത്ര ചെയ്യുന്നതിനിടയിൽ രണ്ട് അപകടങ്ങൾ ഉണ്ടായതായും ജീവൻ പണയം വെച്ചാണ് കുട്ടികളെ അയക്കുന്നതെന്നും രക്ഷിതാക്കൾ പറഞ്ഞു.
2019ലെ പ്രളയത്തിലാണ് പാലം തകർന്നത്. പിന്നീട് പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. സ്‌കൂൾ തുറക്കുന്നതിന് മുൻപ് പാലം പുനർ നിർമിക്കുമെന്നായിരുന്നു നാട്ടുകാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ആ പ്രതീക്ഷയും ഇല്ലാതായി. ഇതോടെയാണ് കുട്ടികൾ സമരത്തിന് ഇറങ്ങിയത്. അതേസമയം, സമരം നീട്ടിക്കൊണ്ടുപോകാൻ ഇടവരുത്തില്ലെന്നും പാലം നിർമാണം ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
Most Read: ഏഴ് വർഷമായി ചൂട് കൂടുന്നു; ഏഷ്യയിൽ കഴിഞ്ഞ വർഷം റെക്കോർഡ് വർധനവ്