ഗ്ളാസ്‌കോ: കഴിഞ്ഞ ഏഴ് വർഷങ്ങളാകാം ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടുകൂടിയ വർഷങ്ങളെന്ന് ലോക കാലാവസ്‌ഥാ സംഘടന (ഡബ്ള്യുഎംഒ). ആഗോള കാലാവസ്‌ഥാ സമ്മേളനത്തിൽ സമർപ്പിച്ച പ്രാഥമിക കാലാവസ്‌ഥാ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയത്.
ഭൂമി വാസയോഗ്യമല്ലാത്ത ഒരിടമായി മാറുകയാണെന്ന് ഡബ്ള്യുഎംഒ മുന്നറിയിപ്പ് നൽകി. 2015-2021 വർഷങ്ങളിൽ അന്തരീക്ഷതാപം ഏറെക്കൂടിയിട്ടുണ്ട്. വ്യവസായ വിപ്ളവ കാലത്തിന് മുൻപുള്ള സ്‌ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ 2021ൽ ഇതുവരെയുള്ള ശരാശരി താപനിലവർധന 1.09 ഡിഗ്രി സെൽഷ്യസാണെന്ന് റിപ്പോർട് പറയുന്നു.
ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടുകൂടിയ ആറാമത്തെയോ ഏഴാമത്തെയോ വർഷമാണ് 2021. ഏഷ്യയിലെ ഏറ്റവും ചൂടേറിയ വർഷം 2020 ആണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്‌ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ ആഗോള ശരാശരി നഷ്‌ടമുണ്ടായത് ചൈനക്കാണ് –23,800 കോടി ഡോളർ (18 ലക്ഷം കോടി രൂപ). രണ്ടാമതുള്ള ഇന്ത്യക്ക് 8700 കോടി ഡോളറിന്റെ (6.5 ലക്ഷം കോടി രൂപ) നഷ്‌ടമുണ്ടായി. ജപ്പാനും (8300 കോടി ഡോളർ), ദക്ഷിണ കൊറിയയുമാണ് (2400 കോടി ഡോളർ) തൊട്ടുപിന്നിലുള്ളത്.
Read Also: കുരുന്നുകൾ സ്‌കൂളിലേക്ക്; സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി