ലണ്ടൻ: കഴിഞ്ഞവര്‍ഷം ലോകത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനിലയെന്ന് യൂറോപ്യന്‍ യൂണിയന്‍ ശാസ്‌ത്രജ്‌ഞര്‍. ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2021 എന്നാണ് യൂറോപ്യന്‍ യൂണിയന്റെ കോപര്‍നിക്കസ് ക്ളൈമറ്റ് ചേഞ്ച് സര്‍വീസിലെ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്.
ഭൂമിയുടെ താപനില ഉയര്‍ത്തുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥൈന്‍ എന്നീ വാതകങ്ങളുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷങ്ങളായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷ താപനില രേഖപ്പെടുത്താന്‍ ആരംഭിച്ച 1850 മുതലുള്ള രേഖകള്‍ കണക്കിലെടുത്താണ് ഇക്കാര്യം പറയുന്നത്.
2020ഉം 2016ഉമാണ് ഇതില്‍ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ വര്‍ഷങ്ങള്‍. 2021ലെ ശരാശരി ആഗോള താപനില 1.1-1.2 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയർന്നത്. 2015ലെ പാരിസ് ഉടമ്പടി പ്രകാരം ആഗോള താപനിലയുടെ വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസ് വരെ എന്ന തോതില്‍ നിയന്ത്രിച്ച് നിര്‍ത്തും എന്നായിരുന്നു ഉടമ്പടിയില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ പറഞ്ഞിരുന്നത്.
ഈ അളവില്‍ നിയന്ത്രിച്ച് നിര്‍ത്താനായാല്‍ ആഗോള താപനിലാ വര്‍ധനവ് കാരണം ഉണ്ടായേക്കാവുന്ന വളരെ മോശം ആഘാതങ്ങളെ ഒരു പരിധി വരെയെങ്കിലും തടഞ്ഞ് നിര്‍ത്താനാവും എന്നാണ് ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്. ഇതിന് വേണ്ടി 2030ഓടുകൂടി നിലവിലെ കാര്‍ബണ്‍ പുറന്തള്ളല്‍ പകുതിയായെങ്കിലും കുറക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: ദിലീപിനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു