കാസർഗോഡ്: മനുഷ്യ സമൂഹത്തിന് ജീവവായുവായും തണലായും പ്രകൃതി ദുരന്തങ്ങളെ തടയുന്ന പ്രതിരോധ ഭടനായും പ്രവർത്തിക്കുന്ന ദശാബ്‌ദങ്ങളും നൂറ്റാണ്ടുകളും പഴക്കമുള്ള മരങ്ങളെ യാതൊരു ദയാ ദാക്ഷ്യണ്യവുമില്ലാതെ വികസനത്തിനോ സൗകര്യങ്ങൾക്കോ വേണ്ടി മുറിച്ചുമാറ്റുന്ന പ്രകൃതിവിരുദ്ധർക്ക് മാതൃകയായി ബേക്കൽ ടൂറിസം.
കണ്ണൂർ – മംഗലാപുരം ദേശീയപാത വികസനത്തിന്റെ ഭാഗമായി വെട്ടിക്കൊല്ലാൻ തീരുമാനിച്ച ആയിരകണക്കിന് മരങ്ങളിൽ ഒന്നാണ് ഈ അരയാൽ. എന്നാൽ, കേരളാ ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കൽ റിസോർട് ഡവലപ്പ്മെന്റ് കോർപ്പറേഷൻ (ബിആർഡിസി) ഈ കൂറ്റൻ അരയാൽ മരത്തിനെ വെട്ടിക്കൊല്ലാൻ അവസരം നൽകാതെ പിഴുതെടുത്ത് ബേക്കൽ ബീച്ചിൽ കൊണ്ടുപോയി വീണ്ടും നട്ടു.
നീലേശ്വരം മാർക്കറ്റിനു സമീപമുള്ള പെട്രോൾ പമ്പിന് അരികിലായാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ അരയാൽ മരം തണലായി പടർന്ന് പന്തലിച്ച് നിന്നിരുന്നത്. ഇവിടെ നിന്നാണ് ഇന്നലെ, ശനിയാഴ്‌ച വിദഗ്‌ധരുടെ സഹായത്തോടെ അടിവേരുകൾ ഉൾപ്പടെ സൂക്ഷ്‌മമായി പിഴുതെടുത്ത് ബേക്കലിൽ കൊണ്ടുപോയി നട്ടത്. പുതിയ സ്‌ഥലത്ത് വീണ്ടും വേരോട്ടം തുടങ്ങാനാവശ്യമായ നനയും മരുന്നും ഉൾപ്പടെയുള്ള കാര്യങ്ങളും ബിആർഡിസി ആരംഭിച്ചു.
മനുഷ്യ ജീവിയിൽ നിന്ന്, ചിന്താ ശേഷിയും വിവേകവും സൂക്ഷ്‌മതയും ഉണർത്തി മനുഷ്യനെന്ന അവസ്‌ഥയിലേക്ക് പരിണാമം ചെയ്യാൻ ശ്രമിക്കുന്ന ചിലരുടെ വാക്കുകളാണ് ഇത്തരമൊരു ആശയത്തിലേക്ക് ബിആർഡിസി എത്താൻ കാരണമായത്. പിന്നീട്, വകുപ്പ് എംഡി ഷിജിൻ പറമ്പത്ത്, മാനേജർ (ഫിനാൻസ്) അജിത് കുമാർ, അഡ്‌മിനിസ്ട്രേറ്റീവ് സ്‌റ്റാഫ് കെഎൻ സജിത്ത്‍ എന്നിവർ പ്രത്യേക താൽപര്യം എടുക്കുകയും മരത്തിന് പുതുജീവൻ സാധ്യമാക്കാനുള്ള ശ്രമങ്ങളിലേക്ക് ഇറങ്ങുകയുമായിരുന്നു.
‘ഭൂരിപക്ഷവും ‘ഭ്രാന്ത്’ എന്നുവിളിക്കുന്ന ഈ ദൗത്യം ശ്രമകരം തന്നെയായായിരുന്നു. ആഴത്തിൽ പടർന്ന വേരുകൾ മുറിയാതെ, തടിക്ക് ക്ഷതമേൽക്കാതെ, പിഴുതെടുത്ത് ക്രയിനിൽ തൂക്കി, വലിയ ലോറിയിൽ കുത്തനെ നിൽക്കും വിധം കയറ്റി, റോഡിന് കുറുകെയുള്ള ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾക്ക് അടിയിലൂടെ കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്കും താണ്ടി ബേക്കലിൽ എത്തിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. പക്ഷെ, ഞങ്ങളുടെ എംഡി മുതൽ ഓട്ടോ തൊഴിലാളികൾ വരെ കൂടെ നിന്നപ്പോൾ അത് യാഥാർഥ്യമായി’; മാനേജർ (ഫിനാൻസ്) അജിത് കുമാർ പറഞ്ഞു.
നേരത്തെ പടന്നക്കാട്ടു നിന്നും പള്ളിക്കരയിൽ നിന്നുമൊക്കെ ഇതേ തരത്തിൽ മരം കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെട്രോൾ പമ്പിനു സമീപത്തെ ഓട്ടോ സ്‌റ്റാൻഡിലെ ഡ്രൈവർമാർ കൂടി താൽപര്യമെടുത്തപ്പോൾ ഇവിടെ കാര്യങ്ങൾ എളുപ്പമായി. ദേശീയപാത വികസന കരാർ ഏറ്റെടുത്ത കമ്പനി മണ്ണുമാന്തിയും തൊഴിലാളികളുടെ സേവനവും വിട്ടു കൊടുത്ത് സഹായമായി കൂടെനിന്നു. മറ്റു ചിലവുകൾ ബിആർഡിസി തന്നെയാണ് വഹിച്ചത്.
കൂറ്റൻ ക്രെയിൻ എത്തിച്ച് ടോറസ് ലോറിയിൽ കയറ്റിയാണ് ബേക്കലിലേക്കു നീക്കിയത്. ഇതേ രീതിയിൽ നേരത്തെ കൊണ്ടുപോയി നട്ട 2 ഇടത്തരം ആൽമരങ്ങൾ, വർഷങ്ങളായി ബേക്കൽ ബീച്ചിൽ തണൽ വിരിച്ച് മനുഷ്യർക്ക് ആശ്വാസമായി നിലകൊള്ളുന്നുണ്ട്.
അതുപോലെ, തലമുറകൾക്ക് ശുദ്ധവായുവും തണലും നൽകി ബിആർഡിസിയുടെ പള്ളിക്കര ബീച്ച് പാർക്കിൽ വലിയൊരു പച്ചക്കുടയായ് നൂറ്റാണ്ടുകളോളം തലയുയർത്തി നിൽക്കട്ടെ ഈ അരയാൽമരവും. ജീവനോ ആത്‌മാർഥതായോ ഇല്ലാത്ത വെറുമൊരു പരിസ്‌ഥിതി സന്ദേശ വാക്കിനപ്പുറത്തേക്ക് ‘തലമുറകൾക്ക് കൂട്ടായി ഞാനുമുണ്ടാകും‘ എന്ന നിശബ്‌ദ സന്ദേശത്തോടെ ബേക്കൽ ബീച്ചിൽ ഈ അരയാലും വളരട്ടെ.
Most Read: ആധാർ ദുരുപയോഗം; തട്ടിപ്പ് നടത്തിയവരിൽ അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘവും