തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ പരിസ്‌ഥിതി ദിനം നാളെ ആചരിക്കും. ആഗോള തലത്തിൽ ഇന്നാണ് (ജൂൺ 5) പരിസ്‌ഥിതി ദിനമായി ആചരിക്കുന്നതെങ്കിലും ഞായറാഴ്‌ച ആയതിനാൽ ഇന്ന് സ്‌കൂളുകൾ അവധിയായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ (ജൂൺ 6) സ്‌കൂളുകളിൽ പരിസ്‌ഥിതി ദിനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയത്.
നാളെ തിരുവനന്തപുരത്ത് പരിസ്‌ഥിതി ദിനാചരണ പരിപാടിയിൽ മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും. നേമം മണ്ഡലത്തിലെ കാലടി ഗവൺമെന്റ് ഹൈസ്‌കൂളിലാണ് പരിപാടി.
‘ഒരേയൊരു ഭൂമി’ എന്നതാണ് ഇത്തവണത്തെ പരിസ്‌ഥിതി ദിന സന്ദേശം. സംസ്‌ഥാനത്ത് കുട്ടികളിൽ ഈ സന്ദേശം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു.
പരിസ്‌ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് സ്‌കൂളുകളിൽ വിദ്യാർഥികൾ പരിസ്‌ഥിതി ദിന പ്രതിജ്‌ഞ എടുക്കും. വൃക്ഷ തൈ നടുന്നതടക്കമുള്ള കാര്യങ്ങൾ സ്‌കൂളുകളിൽ നടത്താമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Most Read: തൃപ്പൂണിത്തുറയിലെ പാലം അപകടം; നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ