ന്യൂഡെൽഹി: മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജിയിൽ കേന്ദ്ര സർക്കാരിനും കേരള-തമിഴ്‌നാട് സർക്കാരുകൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹരജികൾക്കൊപ്പം ഈ വിഷയവും പരിഗണിക്കാൻ തീരുമാനമായി. അടുത്ത മാസം 22നാണ് മറ്റ് പൊതുതാൽപര്യ ഹരജികൾ പരിഗണിക്കാൻ സുപ്രിം കോടതി തീരുമാനിച്ചിരിക്കുന്നത്.
സുരക്ഷാ പബ്ളിക് ചാരിറ്റബിൾ ട്രസ്‌റ്റാണ് മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി നൽകിയത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്‌ച വരുത്തിയെന്നും കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
കേരളാ ഹൈക്കോടതി ഹരജി തള്ളിയതിനെ തുടർന്നാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ ഇടപെടാനാകില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.
Also Read: ഭൂതകാലം കുഴിച്ചുമൂടി ഇന്ത്യയും പാകിസ്‌ഥാനും മുന്നോട്ട് പോകണം; പാക് സൈനിക മേധാവി