ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്‌ഥാനും പഴയ കാര്യങ്ങള്‍ മറന്ന് സഹകരണത്തോടെ മുന്നോട്ട് പോകണമെന്ന് പാക് സൈനിക മേധാവി. പാക് സര്‍ക്കാരിന്റെ പുതിയ സുരക്ഷാ പരിപാടികളുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദില്‍ സംസാരിക്കവെ ആയിരുന്നു പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ പ്രതികരണം.
‘ഭൂതകാലം കുഴിച്ചുമൂടി എല്ലാം മറന്ന് മുന്നോട്ട് പോകാന്‍ സമയമായി, ഇതിനെല്ലാം അനുകൂലമായ അന്തരീക്ഷം ഒരുക്കാന്‍ ഇന്ത്യ ശ്രമിക്കണം ‘ ബജ്‌വ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കാൻ ഇന്ത്യ മുൻകൈ എടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
2019ലെ പുല്‍വാമ ഭീകരാക്രമണത്തിനും ബാലക്കോട്ട് ആക്രമണത്തിനും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ഗണ്യമായി വര്‍ധിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു.
കശ്‌മീരിലെ തര്‍ക്ക പ്രദേശത്താണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അപൂര്‍വമായ സംയുക്‌ത പ്രസ്‌താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് പരസ്‌പര വൈര്യം മറന്ന് മുന്നോട്ടു പോകണമെന്ന തരത്തിലുള്ള പ്രതികരണം പാക് ആര്‍മി ചീഫ് നടത്തുന്നതും.
ദക്ഷിണേഷ്യയിലെയും മധ്യേഷയിലെയും വികസനത്തിന് ഇന്ത്യയും പാകിസ്‌ഥാനും തമ്മില്‍ സ്‌ഥിരതയുള്ള ബന്ധം അനിവാര്യമാണെന്നും ബജ്‌വ ഇസ്‌ലാമാബാദില്‍ പറഞ്ഞു. ബുധനാഴ്‌ച പാക് പ്രസിഡണ്ട് ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്‌താവനയിലും സാമ്പത്തിക സുസ്‌ഥിരതയെ കുറിച്ച് സംസാരിച്ചിരുന്നു.