ന്യൂഡെൽഹി: ആരോപണങ്ങൾ ശരിവെച്ച് കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന് ആദ്യമായി തുറന്ന് സമ്മതിച്ച് പാകിസ്‌ഥാൻ സൈന്യം. പാകിസ്‌ഥാൻ പ്രതിരോധ ദിനത്തിൽ നടത്തിയ പ്രസ്‌താവനയിൽ പാക്ക് സൈനിക മേധാവി അസിം മുനീറാണ് ഇത് സംബന്ധിച്ച പരസ്യ പ്രസ്‌താവന നടത്തിയത്.
‘1948ലും 1965ലും 1971ലും 1999ൽ കാർഗിലിലും ഇന്ത്യയും പാകിസ്‌ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ ആയിരക്കണക്കിന് രക്‌ത സാക്ഷികൾ രാജ്യത്തിനായി ജീവത്യാഗം ചെയ്‌തു’- എന്നായിരുന്നു അസിം മുനീറിന്റെ വാക്കുകൾ. ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്ന പാക്ക് സൈനിക മേധാവി കാർഗിൽ യുദ്ധത്തിലെ പങ്ക് പരസ്യമായി സമ്മതിക്കുന്നത്.
ഇതുവരെ കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന ആരോപണം പാകിസ്‌ഥാൻ നിരന്തരം തള്ളിക്കളയുകയായിരുന്നു. 1999 മേയ്‌ക്കും ജൂലൈക്കും ഇടയിൽ കാർഗിലിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് കശ്‌മീരിലെ സ്വാതന്ത്ര്യ പോരാളികൾ അല്ലെങ്കിൽ മുജാഹിദ്ദീനികൾ ആണെന്നായിരുന്നു പാകിസ്‌ഥാന്റെ ആവർത്തിച്ചുള്ള വാദം. ഇക്കാരണം പറഞ്ഞ് കാർഗിലിൽ സൈന്യം വധിച്ച പാക്ക് സൈനികരുടെ മൃതദേഹങ്ങൾ സ്വീകരിക്കാൻ പാകിസ്‌ഥാൻ വിസമ്മതിച്ചിരുന്നു.
ആണവ ശക്‌തികളായ ഇന്ത്യയും പാകിസ്‌ഥാനും 1999 മേയ് മുതൽ 60 ദിവസം യുദ്ധം ചെയ്‌തപ്പോൾ നമുക്ക് നഷ്‌ടമായത് 527 ധീര ജവാൻമാരെയാണ്. സൈനികരുടെ സ്‌മരണയ്‌ക്കായി ഇന്ത്യൻ സൈന്യം നിർമിച്ച സ്‌മാരകമാണ് ദ്രാസ് യുദ്ധ യുദ്ധ സ്‌മാരകം എന്നറിയപ്പെടുന്ന കാർഗിൽ യുദ്ധ സ്‌മാരകം. ഇന്ത്യയുടെ അഭിമാനത്തിന്റെ ത്രിവർണ പതാക കാർഗിലിലെ മലമുടിയിൽ ഉയർന്നു പാറിയ ദിവസമാണ് കാർഗിൽ ദിനമെന്ന് അറിയപ്പെടുന്ന 1999 ജൂലൈ 26.
Most Read| മാമി തിരോധാനക്കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവ്