കോഴിക്കോട്: മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി സംസ്‌ഥാന പോലീസ് മേധാവി ഉത്തരവിറക്കി. കേസന്വേഷണ സംഘത്തലവനായ മലപ്പുറം എസ്‌പി എസ് ശശിധരൻ, കേസ് സിബിഐക്ക് കൈമാറണമെന്ന് കഴിഞ്ഞ ദിവസം ഡിജിപിക്ക് ശുപാർശ നൽകിയിരുന്നു.
കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. പ്രത്യേക അന്വേഷണ സംഘം ഒരുവർഷം അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താൻ സാധിക്കാത്ത കേസാണ് ഒടുവിൽ ക്രൈം ബ്രാഞ്ചിന് വിട്ടത്.
2023 ഓഗസ്‌റ്റ് 21നാണ് റിയൽ എസ്‌റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയെ കാണാതായത്. മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി വിവരമുണ്ടായിരുന്നു. പിന്നീട് എവിടേക്ക് പോയെന്ന് യാതൊരു വിവരവുമില്ല. കേസിൽ ഉന്നത ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് ആദ്യം മുതൽക്കേ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
മാമിയുടെ തിരോധാനം സിബിഐ അല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാൽ, എഡിജിപി എംആർ അജിത് കുമാർ നിയോഗിച്ച സംഘത്തെയാണ് അന്വേഷണം ഏൽപ്പിച്ചത്. മാമി തിരോധനക്കേസിൽ അജിത് കുമാർ ഇടപെട്ടുവെന്ന് പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറണമെന്ന് എസ് ശശിധരൻ റിപ്പോർട് നൽകിയത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം നടത്താനാണ് ക്രൈം ബ്രാഞ്ചിന് നിർദ്ദേശം.
Most Read| ഹരിയാനയിൽ കോൺഗ്രസിനോട് ഇടഞ്ഞ് എഎപി; ഒറ്റയ്‌ക്ക് മൽസരിക്കാൻ നീക്കം