ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മൽസരിക്കാൻ ആംആദ്‌മി പാർട്ടി. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായുള്ള സഖ്യ സാധ്യതാ ചർച്ചകൾ പരാജയമാണെന്നാണ് വിവരം. സംസ്‌ഥാനത്തെ 50 നിയമസഭാ സീറ്റുകളിൽ ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
നാളെ സ്‌ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കാനാണ് ആംആദ്‌മി പാർട്ടിയുടെ തീരുമാനം. നിയമസഭയിൽ മൽസരിക്കാനായി പത്ത് സീറ്റുകളാണ് എഎപി കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ഏഴ് സീറ്റുകൾ വരെ നൽകാമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. ഇതോടെയാണ് സഖ്യ സാധ്യതകൾ അടഞ്ഞത്.
ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി ഇരു പാർട്ടികളും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ചാണ് മത്സരിച്ചത്. ഹരിയാനയിൽ ആംആദ്‌മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ രാഹുൽ ഗാന്ധിയാണ് താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ, സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ട് പാർട്ടികളുടെ സംസ്‌ഥാന ഘടകങ്ങൾ ഇടയുകയായിരുന്നു.
സഖ്യത്തെ ഭൂപീന്ദർ സിങ് ഹൂഡ വിഭാഗം ശക്‌തമായി എതിർത്തു. ഒരു യോഗത്തിൽ നിന്ന് ഹൂഡ ഇറങ്ങിപ്പോവുകയും ചെയ്‌തിരുന്നു. ആംആദ്‌മി പാർട്ടിയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ദീപക് ബാബരിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആംആദ്‌മി പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിനിടെ, ഗുസ്‌തി താരം വിനേഷ് ഫോഗട്ടിനെ അടക്കം സ്‌ഥാനാർഥികളാക്കി ആദ്യഘട്ട സ്‌ഥാനാർഥി കോൺഗ്രസ് ഇന്നലെ പുറത്തിറക്കിയിരുന്നു. ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേ ഉദ്യോഗം രാജിവെച്ചാണ് എഐസിസി ആസ്‌ഥാനത്തെത്തി ഇന്നലെ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
Most Read| വടക്കൻ കേരളത്തിൽ ശക്‌തമായ മഴ തുടരും