ന്യൂഡെൽഹി: ഫാഷന്റെ ഭാഗമായി റിപ്പ്ഡ് ജീൻസ് (പിന്നിയ ജീൻസ്) ധരിക്കുന്ന സ്‌ത്രീകൾക്ക് എതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് നടത്തിയ വിവാദ പ്രസ്‌താവനയെ പരിഹസിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആർഎസ്എസ് യൂണിഫോമായ കാക്കി ട്രൗസറും വെള്ള ഷർട്ടും അണിഞ്ഞു നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് എന്നിവരുടെ ചിത്രങ്ങൾ പങ്കുവച്ച് ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
“റിപ്പ്ഡ് ജീൻസ് ധരിക്കുന്നതിലൂടെ സ്‌ത്രീകൾ അവരുടെ കാൽമുട്ട് കാണിക്കുന്നു എന്ന വിലകുറഞ്ഞ പ്രസ്‌താവന നടത്തിയിരിക്കുകയാണ് ബിജെപിയുടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി റാവത്ത്. ഹേ ഇവർ എന്താണ് കാണിക്കുന്നത്?”- നരേന്ദ്ര മോദി ഉൾപ്പടെ ഉള്ളവരുടെ ചിത്രത്തോടൊപ്പം പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
BJP’S Uttarakhand CM Rawat made snide remarks at a woman for showing her knees through #rippedjeans. Hoy!
What are they showing? pic.twitter.com/vJwW3yhltL— Prashant Bhushan (@pbhushan1) March 19, 2021
ഇതേ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തിരത് സിങ്ങിന്റെ പ്രസ്‌താവനയെ വിമർശിച്ചിരുന്നു. “അതാ, അവരും കാല്‍മുട്ടു കാണിക്കുന്നു”- എന്ന തലക്കെട്ടോടെയായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
Oh my God!!! Their knees are showing ??? #RippedJeansTwitter pic.twitter.com/wWqDuccZkq
— Priyanka Gandhi Vadra (@priyankagandhi) March 18, 2021
ചൊവ്വാഴ്‌ച ഡെറാഡൂണിൽ ഒരു ചടങ്ങില്‍ സംബന്ധിക്കവെയാണ് റാവത്ത് വിവാദ പരാമർശം നടത്തിയത്. ഇന്നത്തെ യുവജനങ്ങൾക്ക് മൂല്യങ്ങൾ നഷ്‌ടപ്പെട്ടെന്നും വിചിത്രമായ ഫാഷൻ ട്രെൻഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. “സ്‌ത്രീകൾ നഗ്‌നമായ കാൽമുട്ടുകൾ കാണിക്കുന്നു, റിപ്പ്ഡ് ജീൻസ് ഇടുന്നു. ഇതൊക്കെയാണ് ഇപ്പോൾ വീട്ടിൽ നിന്ന് നൽകുന്ന മൂല്യങ്ങൾ. വീട്ടിൽ നിന്ന് അല്ലെങ്കിൽ പിന്നെ എവിടെ നിന്നാണ് ഇത് വരുന്നത്,”- എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.
“ഇത്തരം ജീൻസുകൾ വാങ്ങാനാണ് സ്‌ത്രീകൾ കടയിൽപ്പോകുന്നത്. അങ്ങനെയുള്ളത് കിട്ടിയില്ലെങ്കില്‍ കത്രിക വച്ച് ജീൻസ് മുറിച്ച് ആ തരത്തിലാക്കും. വിമാനത്തിൽ എന്റെ അടുത്ത സീറ്റിലിരുന്ന സ്‌ത്രീ ബൂട്ട്സും റിപ്പ്ഡ് ജീൻസുമായിരുന്നു ധരിച്ചിരുന്നത്. കയ്യിൽ നിരവധി വളകളുമുണ്ടായിരുന്നു. രണ്ടു കുട്ടികളും ഇവർക്കൊപ്പം യാത്ര ചെയ്‌തിരുന്നു. അവരൊരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നയാളാണ്. എന്ത് മൂല്യങ്ങളാണ് ഇവർ പകർന്നുനൽകുന്നത്?”- എന്നും റാവത്ത് ചോദിച്ചിരുന്നു. പ്രസ്‌താവന വിവാദമായതിന് ശേഷവും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് റാവത്ത് ചെയ്‌തത്.
Also Read: ഇഡിക്ക് എതിരായ മൊഴി; വനിതാ സിപിഓകൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഇഡി