ശാസ്‌ത്രീയ മാർഗങ്ങളിലൂടെ ജനസംഖ്യാ നിയന്ത്രണം; സമൂഹത്തിന് അനിവാര്യമെന്ന് ആരോഗ്യമന്ത്രി

By Trainee Reporter, Malabar News
Veena George
Ajwa Travels

തിരുവനന്തപുരം: ശാസ്‌ത്രീയ മാർഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജനസംഖ്യാ നിയന്ത്രണം വ്യക്‌തികളുടെ ആരോഗ്യ സംരക്ഷണയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയുന്ന സാഹചര്യം സൃഷ്‌ടിക്കുന്നു. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ ഏറെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

എപ്പോൾ ഗർഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്താനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നു. മാത്രമല്ല, കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ നന്നായി വളർത്താനും അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും സാധിക്കുന്നു. അതിലൂടെ ആ വ്യക്‌തിയുടെ മാത്രമല്ല സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് കാരണമാകുമെന്നും മന്ത്രി വ്യക്‌തമാക്കി.

എല്ലാവർക്കും കുടുംബാസൂത്രണ മാർഗങ്ങളെ കുറിച്ച് അവബോധം ഉണ്ടായിരിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഇടവേള വേണം. താൽക്കാലിക ഗർഭനിരോധ മാർഗങ്ങളായ കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ സബ് സെന്ററിൽ നിന്നും ലഭ്യമാണ്. കോപ്പർടി നിക്ഷേപിക്കുവാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മുകളിലേക്കുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാണ്.

ഭാവിയിൽ ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനം എടുത്തവർക്ക് സ്‌ഥിരമായി ഗർഭനിരോധ മാർഗങ്ങൾ ഉപയോഗിക്കാം. ഇതിനായി ട്യൂബക്‌ടമി ശസ്‌ത്രക്രിയയും പുരുഷൻമാർക്ക് വേണ്ടിയുള്ള വാസക്‌ടമിയുമാണ് നിലവിലുള്ളത്. മിനി ലാപ്രോട്ടമി, ലാപ്രോസ്‌കോപ്പി, പോസ്‌റ്റുപാർട്ടം സ്‌റ്റെറിലൈസേഷൻ എന്നീ പേരുകളിലാണ് ട്യൂബക്‌ടമി അറിയപ്പെടുന്നത്.

ഈ ശസ്‌ത്രക്രിയകൾ താലൂക്ക്, ജില്ലാ ആശുപത്രികൾ, സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. സംശയങ്ങൾക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ദിശ 104, 1056, 0471-2552056 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നത് ആണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read: ഉദയ്‌പൂർ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE