തിരുവനന്തപുരം: പിഎസ്‌സിയുടെ പേരിലെ നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതി രാജലക്ഷ്‌മി പോലീസിൽ കീഴടങ്ങി. തിരുവനന്തപുരത്തെ കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. തട്ടിപ്പ് കേസിലെ മറ്റൊരു പ്രതിയും രാജലക്ഷ്‌മിയുടെ സഹായിയുമായ കോട്ടയം സ്വദേശിനി ജോയിസി ജോർജ് വൈകിട്ട് പോലീസ് പിടിയിലായിരുന്നു. പിന്നാലെയാണ് രാജലക്ഷ്‌മിയും കീഴടങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് കോട്ടയത്ത് നിന്ന് കൂട്ടുപ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
ഉദ്യോഗാർഥികളെ പിഎസ്‌സി ഉദ്യോഗസ്‌ഥ എന്ന പേരിൽ ഇന്റർവ്യൂ നടത്തി കബളിപ്പിച്ചുവെന്നാണ് കേസ്. പിഎസ്‌സിയുടെ പേരിൽ വ്യാജ കത്ത് നിർമിച്ചു സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒന്നാം പ്രതിയായ ആർ രാജലക്ഷ്‌മി തട്ടിപ്പ് നടത്തിയത് പോലീസ് ഓഫീസർ എന്ന വ്യാജേനയാണെന്ന് കണ്ടെത്തിയിരുന്നു. അടൂർ സ്വദേശിയായ രാജലക്ഷ്‍മി വാടകയ്‌ക്കെടുത്ത പോലീസ് യൂനിഫോം ഉപയോഗിച്ചാണ് ആൾമാറാട്ടം നടത്തിയത്.
ഉദ്യോഗാർഥികളെ കബളിപ്പിക്കാനായി പോലീസ് വേഷം ധരിച്ച ചിത്രങ്ങൾ രാജലക്ഷ്‌മി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ രണ്ടാം പ്രതി രശ്‌മിയുടെ ഫോണിൽ നിന്നാണ് ഈ ചിത്രങ്ങൾ പോലീസിന് ലഭിച്ചത്. തട്ടിപ്പിനിരയായ 15ഓളം പേരിൽ ഏഴ് പേർ മാത്രമാണ് പോലീസിന് മൊഴി നൽകിയത്.
പിഎസ്‌സി പരീക്ഷ എഴുതാതെ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു പണം വാങ്ങിയെന്നാണ് ഇവരുടെ മൊഴി. ഓൺലൈനായി പണം ട്രാൻസ്‌ഫർ ചെയ്‌തതിന്റെ രേഖകൾ ഹാജരാക്കുകയും ചെയ്‌തു. മറ്റു ഉദ്യോഗാർഥികൾ മൊബൈൽ ഫോണുകൾ ഓഫ് ചെയ്‌തിരിക്കുകയാണ്. വിജിലൻസ്, ഇൻകം ടാക്‌സ്, ജിഎസ്‌ടി വകുപ്പുകളിൽ ഇല്ലാത്ത തസ്‌തികകളിലടക്കം ജോലി വാഗ്‌ദാനം ചെയ്‌ത് 35 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്നും കണ്ടെത്തിയിട്ടുണ്ട്.
Most Read| താനൂർ കസ്‌റ്റഡി മരണം; ജയിലിലെ പീഡനത്തിൽ അന്വേഷണത്തിന് ഉത്തരവ്