ന്യൂഡെൽഹി: കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി നവീകരിച്ച ഡെൽഹിയിലെ ട്രാവൻകൂർ പാലസിന്റെ ഉൽഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, പി രാജീവ്, ഡെൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ്, സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ് കെജി ബാലകൃഷ്‌ണൻ എന്നിവർ മുഖ്യാതിഥികളാകും.
ഉൽഘാടനത്തിന് ശേഷം ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യവും ജയപ്രഭ മേനോൻ മോഹിനിയാട്ടവും അവതരിപ്പിക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം. കേരള ചരിത്രത്തെ കുറിച്ചുള്ള 23 മിനിറ്റ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ മുഖ്യമന്ത്രി നാളെ ഉൽഘാടനം ചെയ്യും. തുടർന്ന് അഞ്ചു ദിവസം പൊതുജനങ്ങൾക്കായി ഷോ പ്രദർശിപ്പിക്കും. 68 മുറികളുള്ള നവീകരിച്ച ട്രാവൻകൂർ പാലസിൽ അഞ്ചു ആർട്ട് ഗാലറികളുമുണ്ട്.
അതേസമയം, ഉൽഘാടന ചടങ്ങ് കോൺഗ്രസ് ബഹിഷ്‌കരിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപയാണ് ട്രാവൻകൂർ പാലസിന്റെ നവീകരണത്തിനായി സർക്കാർ ചിലവിട്ടത്. സർക്കാരിന്റെ നിത്യനിദാന ചിലവുകൾക്ക് പോലും കാശില്ലാതെ കോടികളുടെ കടമെടുപ്പ് തുടരുമ്പോഴാണ് ഈ പാഴ്‌ചിലവെന്നും കെ സുധാകരൻ വിമർശിച്ചു.
കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണ്. നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കയറ്റം രൂക്ഷമാണ്. സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് ജനങ്ങളും സംസ്‌ഥാനവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ധൂർത്തിനും അഴിമതിക്കും ആഡംബരത്തിനും ഒരു കുറവുമില്ല. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങൾ ചിലവഴിച്ചു നടത്തുന്ന നവീകരിച്ച ഡെൽഹി ട്രാവൻകൂർ പാലസിന്റെ ഉൽഘാടന ചടങ്ങിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.
Most Read| ഗ്യാന്‍വാപി മസ്‌ജിദ്; സർവേ ആരംഭിച്ചു- പള്ളിക്കമ്മിറ്റിയുടെ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ