തൃശൂർ: കടുത്ത വിമർശങ്ങൾക്കും വിവാദങ്ങള്‍ക്കുമിടെ തൃശൂര്‍ പൂരത്തിലെ ആസാദി കുട ഒഴിവാക്കി. സ്വാതന്ത്ര്യ സമര നേതാക്കളുടെയും നവോത്ഥാന നായകരുടെയും ചിത്രങ്ങള്‍ക്കൊപ്പം വിഡി സവര്‍ക്കറുടെ ചിത്രം കൂടി കുടയിൽ പ്രദർശിപ്പിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനത്തിലായിരുന്നു ആസാദി കുട ഉൾപ്പെടുത്തിയത്. ആസാദി കാ അമൃത് എന്ന പേരിൽ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിലെന്നായിരുന്നു പാറമേക്കാവ് ദേവസ്വം വിശദീകരിച്ചത്.
ചട്ടമ്പി സ്വാമികള്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരുടെ ചിത്രത്തിനൊപ്പമാണ് ആസാദി കുടയില്‍ വിഡി സവര്‍ക്കറുടെ ചിത്രം ഇടംനേടിയത്. സവര്‍ക്കറുടെ ചിത്രം തൃശൂര്‍ പൂരത്തിനായുള്ള കുടയില്‍ ഇടംപിടിച്ചതോടെ എഐഎസ്എഫും യൂത്ത് കോണ്‍ഗ്രസും സവര്‍ക്കറുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നീക്കമെന്ന് വിമര്‍ശനവും വിവാദവും കടുത്തതോടെയാണ് ചമയപ്രദര്‍ശനത്തില്‍ നിന്ന് കുട ഒഴിവാക്കിയത്.
സംഭവത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനും ചമയ പ്രദര്‍ശനം ഉൽഘാടനം ചെയ്‌ത മന്ത്രി കെ രാജനും സര്‍ക്കാരിന്റെ അതൃപ്‍തി ദേവസ്വത്തെ അറിയിച്ചിരുന്നു.
Read also: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്; നിയന്ത്രണങ്ങളിൽ ഇളവ്