ഹവാന: ദക്ഷിണ ക്യൂബയെ വിറപ്പിച്ച് തുടർച്ചയായ രണ്ട് ഭൂചലനങ്ങൾ. മരണം റിപ്പോർട് ചെയ്‌തിട്ടില്ലെന്നും കരീബിയൻ ദ്വീപ് രാഷ്‌ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഒട്ടേറെ പേർക്ക് പരിക്കേറ്റു.
ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തതായി ക്യൂബൻ പ്രസിഡണ്ട് മിഗ്വൽ ഡിയസ് കനാൽ പറഞ്ഞു.
ഭൂചലനത്തിൽ തകർന്ന കോൺക്രീറ്റ് ബ്ളോക്ക് വീടുകളുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്ത് നിന്ന് ഏകദേശം 25 മൈൽ അകലെയാണ് 6.8 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് ഒരു മണിക്കൂറിന് ശേഷമായിരുന്നു രണ്ടാമത്തേത്.
ചുഴലിക്കാറ്റിൽ നിന്ന് കരകയറാൻ പാടുപെടുന്ന ക്യൂബയിലാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. കഴിഞ്ഞയാഴ്‌ച, റാഫേൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകർന്നിരുന്നു. നിലവിൽ പത്ത് ദശലക്ഷം ആളുകൾക്കാണ് രാജ്യത്ത് വൈദ്യുതിയില്ലാത്തത്.
Most Read| ഖലിസ്‌ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല കസ്‌റ്റഡിയിലെന്ന് സൂചന; നിജ്‌ജാറിന്റെ വിശ്വസ്‌തൻ