ഹിന്ദു മതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് മാറിയവർക്ക് സംവരണത്തിന് അർഹതയില്ല; സുപ്രീം കോടതി

മതപരിവർത്തനത്തിന് മുമ്പുള്ള സാമൂഹിക ക്രമത്തിൽ അനുഭവിച്ച പിന്നാക്കാവസ്‌ഥ, പുതുതായി സ്വീകരിച്ച മതത്തിലെ പിന്നാക്ക വിഭാഗ പദവി ലഭ്യമാക്കാൻ മാത്രമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ജസ്‌റ്റിസുമാരായ പികെ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

By Senior Reporter, Malabar News
Supreme Court

ന്യൂഡെൽഹി: ഹിന്ദു മതത്തിൽ നിന്ന് ഇസ്‌ലാം ഉൾപ്പടെയുള്ള മറ്റു മതങ്ങളിലേക്ക് മാറിയവർക്ക് മുമ്പുള്ള സാമൂഹിക പിന്നാക്കാവസ്‌ഥയുടെ അടിസ്‌ഥാനത്തിൽ പുതിയ മതത്തിൽ സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ജൂൺ 25ലെ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.

മതം മാറിയ വ്യക്‌തിക്ക്‌ പിന്നാക്ക വിഭാഗ മുസ്‌ലിം പദവി ലഭിക്കില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. മതപരിവർത്തനത്തിന് മുമ്പുള്ള സാമൂഹിക ക്രമത്തിൽ അനുഭവിച്ച പിന്നാക്കാവസ്‌ഥ, പുതുതായി സ്വീകരിച്ച മതത്തിലെ പിന്നാക്ക വിഭാഗ പദവി ലഭ്യമാക്കാൻ മാത്രമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ജസ്‌റ്റിസുമാരായ പികെ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

ഭരണഘടനയിലെ ഉത്തരവിലെ മൂന്നാം ഖണ്ഡിക പ്രകാരം ഹിന്ദുമതം, ബുദ്ധമതം, സിഖ് മാത്രം എന്നിവയൊഴികെയുള്ള ഇതര മതങ്ങൾ പിന്തുടരുന്ന ഒരാളെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, നിർദിഷ്‌ടമല്ലാത്ത ഒരു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതോടെ, നേരത്തെയുണ്ടായിരുന്ന ജാതിയുമായി ബന്ധപ്പെട്ട പട്ടികജാതി പദവി നഷ്‌ടപ്പെടും.

പട്ടികജാതി അടിസ്‌ഥാനത്തിലുള്ള ഭരണഘടനയുടെ അനുച്‌ഛേദം 16(4) പ്രകാരമുള്ള സംവരണാനുകൂല്യങ്ങൾ പിന്നീട് അവകാശപ്പെടാനാകില്ലെന്നും കോടതി വ്യക്‌തമാക്കി. ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച് 2016ൽ ഇസ്‍ലാമിക ആചാരപ്രകാരം വിവാഹിതനായ രണ്ടു കുട്ടികളുടെ പിതാവായ വ്യക്‌തിയാണ്‌ തനിക്ക് ‘മുസ്‌ലിം ലബ്ബ’ എന്ന് കാണിച്ചുള്ള ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.

തഹസിൽദാർ ഈ അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഹരജിക്കാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തഹസിൽദാറുടെ നടപടി ശരിവെച്ച മദ്രാസ് ഹൈക്കോടതി, ഇത്തരം കേസുകളിൽ സംവരണം അനുവദിച്ചുകൊണ്ടുള്ള 2024ലെ തമിഴ്‌നാട് സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഈ നിലപാട് സുപ്രീം കോടതിയും പൂർണമായി ശരിവെച്ചു.

Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE