തിരുവനന്തപുരം: സംസ്‌ഥാനത്ത് കൊടുചൂട് തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം.
ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. ഇന്നലെ സംസ്‌ഥാനത്ത് രേഖപ്പെടുത്തിയതിൽ ഉയർന്ന താപനിലയാണിത്. കൊല്ലം ജില്ലയിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. പകൽ 11 മണിമുതൽ മൂന്നുമണിവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും ഇടയ്‌ക്കിടെ ശുദ്ധജലം കുടിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം








































