ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല; ഹര്‍ജി തള്ളി

By News Desk, Malabar News
malabarnews-supremecourt
Supreme Court Of India

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ആദ്യ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കോവിഡ് പ്രതിസന്ധി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നിയമപരമായ കാരണമല്ലെന്നാണ് കോടതി പരാമര്‍ശിച്ചത്.

‘തിരഞ്ഞെടുപ്പ് റദ്ദാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ കൈകടത്താനും കോവിഡ് ഒരു കാരണമല്ല’ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഹര്‍ജി അനവസരത്തിലുള്ളതാണെന്നും കോടതി പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് എന്തുചെയ്യണമെന്ന് പറയാന്‍ കോടതിക്കാവില്ല, തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ കാര്യങ്ങളും അദ്ദേഹം പരിഗണിക്കുമെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ അറിയിച്ചു.

നവംബര്‍ മാസത്തോടെ നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുസഫര്‍പൂര്‍ സ്വദേശി അവിനാഷ് ടാക്കൂര്‍ ആണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യവും, പതിനാല് ജില്ലകളില്‍ പ്രളയം ബാധിച്ചതും കണക്കിലെടുത്ത് പൗരന്മാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അവിനാഷ് കോടതിയെ സമീപിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ടെന്നും എല്ലാ കാര്യങ്ങളും പരിഗണിക്കുമെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍.എസ് റെഡ്ഡി, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമേ നിതീഷ് സര്‍ക്കാരിന്റെ സഖ്യകക്ഷിയായ ചിരാഗ് പാസ്വാന്‍ ഉള്‍പ്പെടെയുള്ളവരും തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരുന്നു. വീടുകള്‍ തോറുമുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ, വോട്ടര്‍മാര്‍ക്ക് കയ്യുറ, ഒരു സമയം പരമാവധി 1000 വോട്ടര്‍മാര്‍, വോട്ടര്‍മാരുടെ ശരീരോഷ്മാവ് പരിശോധിക്കല്‍ തുടങ്ങിയവ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

1,28,780 കോവിഡ് പോസിറ്റീവ് കേസുകളും 536 മരണങ്ങളും ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍, ബിജെപി എന്നിവയൊഴികെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE