നേപിഡിയോ: ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററിനും ഇൻസ്‌റ്റഗ്രാമിനും വിലക്കേർപ്പെടുത്തി മ്യാൻമറിലെ പുതിയ സൈനിക സർക്കാർ. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് ഏതാനും ദിവസങ്ങൾക്കകമാണ് സമൂഹ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി രാജ്യത്തെ ഇന്റർനെറ്റ് സേവനത്തിന്റെ തകർച്ച സൈന്യം കൂടുതൽ വിപുലമാക്കിയത്.
സൈന്യത്തിന്റെ ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടന്ന പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ ആയിരുന്നു ഫേസ്‍ബുക്കിന് നിരോധനം ഏർപ്പെടുത്തിയത്. മ്യാൻമറിൽ ഏറെ ജനപ്രീതിയുള്ള ആപ്പായ ഫേസ്ബുക്കിലൂടെ പുതിയ സർക്കാരിന് എതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെ ആണ് ട്വിറ്ററിനും ഇൻസ്‌റ്റഗ്രാമിനും സർക്കാർ പൂട്ടിട്ടത്.
ട്വിറ്ററിനും ഇൻസ്‌റ്റഗ്രാമിനും വിലക്ക് ഏർപ്പെടുത്തിയതായി മ്യാൻമർ ഗതാഗത, വാർത്താവിനിമയ മന്ത്രാലയം വെള്ളിയാഴ്‌ച ഉത്തരവിട്ടതായി സിഎൻഎൻ റിപ്പോർട് ചെയ്‌തു. അതേസമയം സർക്കാരിന്റെ നടപടി ജനങ്ങളുകളുടെ അവകാശത്തെ ദുർബലപ്പെടുത്തുന്നതാണ് എന്നും ലോകമെമ്പാടും ഓപ്പൺ ഇൻറർനെറ്റ് കൂടുതൽ ഭീഷണിയിലാണ് എന്നും ട്വിറ്റർ വക്‌താവ് പ്രസ്‌താവനയിൽ അറിയിച്ചു. ഉത്തരവിൽ വളരെയധികം ആശങ്കയുണ്ടെന്നും ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള ഇത്തരം നിരോധനം അവസാനിപ്പിക്കാൻ തങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും ട്വിറ്റർ വ്യക്‌തമാക്കി.
രാജ്യത്ത് ഇൻസ്‌റ്റഗ്രാമിനും തടയിടാൻ മ്യാൻമറിലെ ടെലികോം ദാതാക്കളോട് സർക്കാർ ഉത്തരവിട്ടതായി ഫേസ്ബുക്കും അറിയിച്ചു. വിലക്ക് നീക്കാൻ തങ്ങൾ അധികാരികളോട് അഭ്യർഥിക്കുന്നുവെന്നും ജനങ്ങൾക്ക് കുടുംബവുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താനും മറ്റും ഇവ ആവശ്യമാണെന്നും ഫേസ്‌ബുക്ക് വ്യക്‌തമാക്കി. മ്യാൻമറിലെ 53 ദശലക്ഷം ആളുകൾ ഉപയോഗിക്കുന്ന ആപ്പാണ് ഫേസ്ബുക്ക്.
മ്യാൻമറിലെ സൈന്യം തിങ്കളാഴ്‌ച രാവിലെയാണ് അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തത്. ആങ്സാൻ സൂചിയും പ്രസിഡണ്ട് വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കൾ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മ്യാൻമറിലെ ഔദ്യോഗിക ടിവി, റേഡിയോ എന്നിവ പ്രവർത്തനം നിർത്തി വച്ചിരിക്കുകയാണ്.
Read Also: കർഷകരുടെ ദേശീയപാതാ ഉപരോധം ഇന്ന്; പ്രധാന കേന്ദ്രങ്ങളിൽ അതിസുരക്ഷ