ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ ഭാഗമായുള്ള രാജ്യവ്യാപക ദേശീയപാതാ ഉപരോധം ഇന്ന്. മൂന്ന് മണിക്കൂർ രാജ്യത്തെ എല്ലാ ദേശീയ, സംസ്‌ഥാന പാതകളും തടയാനാണ് കർഷകരുടെ തീരുമാനം.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡെൽഹി -എൻസിആർ എന്നിവയൊഴികെ എല്ലാ പ്രധാന പാതകളിലും ഗതാഗതം സ്‌തംഭിക്കും. കരിമ്പുകർഷകർ വിളവെടുപ്പു തിരക്കിലായതിനാൽ ഈ മൂന്ന് മേഖലകളിൽ ഉപരോധം നടക്കില്ലെന്ന് കർഷകർ വ്യക്‌തമാക്കിയിട്ടുണ്ട്. ഉച്ചക്ക് 12 മണി മുതൽ മൂന്ന് വരെയാണ് ഉപരോധം.
ആംബുലൻസ് പോലുള്ള അടിയന്തരവും അത്യാവശ്യവുമായ വാഹനങ്ങൾ, സ്‌കൂൾ ബസുകൾ എന്നിവ കടന്നുപോകാൻ അനുവദിക്കണമെന്ന് സംയുക്‌ത കിസാൻ മോർച്ച പ്രതിഷേധക്കാർക്ക് നിർദേശം നൽകി.
അതേസമയം, ഉപരോധത്തിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി ചർച്ചനടത്തി. പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്‌തമാക്കാനാണ് കൂടിക്കാഴ്‌ചയിലെ തീരുമാനം.
റിപ്പബ്ളിക് ദിനത്തിലെ സംഘർഷങ്ങളുടെ അനുഭവത്തിൽ അതിസുരക്ഷ ഏർപ്പെടുത്തിയതായി ഡെൽഹി പോലീസ് വക്‌താവ് ചിൻമയി ബിസ്വാൾ അറിയിച്ചു. കർഷകർ ഡെൽഹിയിലേക്ക് കടക്കാതിരിക്കാൻ അഞ്ചുതട്ടിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ സിംഘു ഉൾപ്പടെയുള്ള സമരകേന്ദ്രങ്ങളിൽ സജ്‌ജമാക്കി.
Also Read: 50 വയസിന് മുകളിൽ പ്രായമായവർക്കും വാക്‌സിൻ; മൂന്നാംഘട്ട വിതരണം മാർച്ച് മുതൽ