ന്യൂഡെൽഹി: മൂന്നാംഘട്ട കോവിഡ് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ലോക്‌സഭയിൽ അറിയിച്ചു. 50 വയസിന് മുകളിൽ പ്രായമുളളവർക്കും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും വാക്‌സിൻ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 5 കോടിയിലധികം ജനങ്ങൾക്ക് ഇതിനോടകം വാക്‌സിൻ നൽകി കഴിഞ്ഞു. മുൻനിര ആരോഗ്യപ്രവർത്തകർക്കുള്ള വാക്‌സിൻ വിതരണം ഈ ആഴ്‌ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ലോക്‌സഭയിലെ ചോദ്യോത്തരവേളയിൽ വാക്‌സിൻ വിതരണം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ആരോഗ്യമന്ത്രി. രാജ്യത്തെ വാക്‌സിൻ വിതരണത്തിനായി ധനമന്ത്രി 35,000 കോടി രൂപയാണ് വകയിരുത്തിയത്. ആവശ്യമെങ്കിൽ അത് വർധിപ്പിക്കുമെന്ന് ധനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹർഷവർധൻ അറിയിച്ചു.
നിലവിൽ കോവിഷീൽഡ് വാക്‌സിനും കോവാക്‌സിനുമാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്. 3 വാക്‌സിനുകൾ ക്ളിനിക്കൽ പരീക്ഷണ ഘട്ടത്തിലാണെന്നും ഹർഷവർധൻ അറിയിച്ചു.
വാക്‌സിൻ ആവശ്യപ്പെട്ട് 22 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. 15 രാജ്യങ്ങൾക്ക് ഇതിനോടകം വാക്‌സിൻ നൽകി കഴിഞ്ഞു. 56 ലക്ഷം ഡോസ് വാക്‌സിൻ സഹായമായും 5 ലക്ഷം ഡോസ് കരാർ അടിസ്‌ഥാനത്തിലും നൽകിയെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കി.
Read also: ഒന്നര വർഷത്തിന് ശേഷം കശ്‌മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനസ്‌ഥാപിച്ചു