ന്യൂഡെൽഹി: റോഹിങ്ക്യന്‍ അഭയാർഥികളെ നാടുകടത്തുന്നത് വരെ തടങ്കല്‍ കേന്ദ്രത്തില്‍ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. റോഹിങ്ക്യകള്‍ അനധികൃത വിദേശികളാണ്. അവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആഭ്യന്തര മന്ത്രാലയം ഡെൽഹി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ന്യൂഡല്‍ഹിയിലെ റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഫ്‌ളാറ്റുകൾ നല്‍കുന്നതിന് യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്‌തമാക്കി.
റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഡല്‍ഹിയിലെ ഫ്‌ളാറ്റുകളിലേക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. സുപ്രധാന തീരുമാനമാണിതെന്നും രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭയാർഥി നയത്തെ സിഎഎയുമായി മനപൂർവം ബന്ധിപ്പിച്ച് സഥിരമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നര്‍ നിരാശരാകുമെന്നും ഹര്‍ദീപ് സിംഗ് പുരി അവകാശപ്പെട്ടു. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഹര്‍ദീപ് സിംഗ് പുരി വിഷയം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ, കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം രാഷ്‌ട്രീയ സ്വയം സേവക് സംഘം (ആർഎസ്‌എസ്) പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. ദേശീയ പൗരത്വ നിയമത്തിന്റെ ലക്ഷ്യം തകരുമെന്നും സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കക്കാർക്ക് വേണ്ടി നിർമിച്ച ഫ്‌ളാറ്റുകളിലേക്ക് റോഹിങ്ക്യന്‍ അഭയാർഥികളെ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും രാഷ്‌ട്രീയ സ്വയം സേവക് സംഘം രൂക്ഷമായി വിമര്‍ശിച്ചു.
തുടർന്നാണ് റോഹിങ്ക്യകൾക്ക് ഫ്‌ളാറ്റുകള്‍ നല്‍കാന്‍ പദ്ധതിയില്ലെന്നും വിശദാംശങ്ങള്‍ തുടര്‍ന്നു നല്‍കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രം വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്. നാടുകടത്തുന്നത് വരെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തടങ്കലില്‍ പാര്‍പ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു.

വിഷയത്തിൽ മാദ്ധ്യമങ്ങൾ വാർത്തകൾ നൽകാൻ കാരണമായ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ ഇന്നത്തെ ട്വിറ്റർ പ്രഖ്യാപനത്തിൽ തൊടാതെ മാദ്ധ്യമങ്ങളെ പ്രതികൂട്ടിൽ നിർത്തിയാണ് ആഭ്യന്തരമന്ത്രാലയം തിരുത്ത് നടത്തിയത്.
‘റോഹിങ്ക്യന്‍ അനധികൃത വിദേശികളെ സംബന്ധിച്ച് ചില മാദ്ധ്യമങ്ങളിൽ വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. ന്യൂഡല്‍ഹിയിലെ ബക്കര്‍വാലയില്‍ റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇ.ഡബ്ള്യു.എച്ച് ഫ്‌ളാറ്റുകൾ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല,’ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ പുതിയ സ്‌ഥലത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം ട്വീറ്റുകളിലൂടെയും അറിയിച്ചു.
Most Read: ലൈവ് സ്‌ട്രീമിങ്ങിലൂടെ ഭാര്യയെ തീകൊളുത്തി കൊന്നു; യുവാവിന് വധശിക്ഷ