വയനാട്: അശാസ്‌ത്രീയ തോട് നിർമാണം മൂലം വരമ്പുകൾ വ്യാപകമായി ഇടിയുന്നുവെന്ന പരാതിയുമായി കർഷകർ. വയനാട് ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിലെ കാവടം വയലിൽ നിർമിച്ച തോടാണ് കർഷകർക്ക് ദുരിതമായി മാറിയിരിക്കുന്നത്. അതേസമയം, തോടിന്റെ വരമ്പ് സംരക്ഷിക്കാനായി ലക്ഷങ്ങൾ മുടക്കി വിരിച്ച കയർ മാറ്റും പാഴാകുന്നതായി കർഷകർ പരാതിപ്പെടുന്നു.
തോടിന്റെ 500 മീറ്ററോളം പ്രധാനവരമ്പ് ഇതിനോടകം ഇടിഞ്ഞു താണിട്ടുണ്ട്. കയർമാറ്റ് സ്‌ഥാപിച്ച വരമ്പുകൾ ഇടിയുന്നത് മൂലം ഏക്കറ് കണക്കിന് കൃഷിയാണ് നശിക്കുന്നത്. കണിയാമ്പറ്റ-പൂതാടി പഞ്ചായത്തുകളുടെ അതിർത്തിയായ കാവടം വയലിൻ നടുവിലെ വലിയ തോടിന്റെ ഇരുകരകളും ഇത്തരത്തിൽ ഇടിഞ്ഞു തീരുകയാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ മുടക്കിയാണ് കയർമാറ്റ് സ്‌ഥാപിച്ചത്. എന്നാൽ, കർഷകരുടെ അഭിപ്രായം പരിഗണിക്കാതെയും പ്രതികൂല കാലാവസ്‌ഥയെ അവഗണിച്ചും നടത്തിയ നിർമാണം വിനയായെന്നാണ് ആക്ഷേപം ഉയരുന്നത്. സംഭവത്തിൽ പഞ്ചായത്തിന് പരാതി നൽകിയതായി കർഷകർ പറഞ്ഞു. തകർന്നടിഞ്ഞ തോടിന്റെ ഭാഗങ്ങൾ ഉടൻ കോൺക്രീറ്റ് ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
Most Read: മുല്ലപ്പെരിയാർ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റണം; ജില്ലാ കളക്‌ടർ