കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം കോടതിയിൽ നൽകിയ നിർണായക ശബ്‌ദരേഖ പുറത്ത്. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ വേളയിൽ കോടതിയിൽ നൽകേണ്ട മൊഴി എങ്ങനെയെന്ന് അഭിഭാഷകൻ അനൂപിനെ പറഞ്ഞ് പഠിപ്പിക്കുന്നത് ശബ്‌ദരേഖയിൽ വ്യക്‌തമാണ്. കേസിലെ പ്രോസിക്യൂഷൻ സാക്ഷിയാണ് അനൂപ്.
ദിലീപിന്റെ മുൻഭാര്യയും നടിയുമായ മഞ്‌ജു വാര്യർ മദ്യപിക്കുമെന്ന് കോടതിയിൽ മൊഴി നൽകണമെന്നാണ് അഭിഭാഷകൻ അനൂപിന് നിർദ്ദേശം നൽകുന്നത്. മഞ്‌ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകൻ ചോദിക്കുമ്പോൾ ‘എനിക്കറിയില്ല, ഞാൻ കണ്ടിട്ടില്ല’ എന്ന് അനൂപ് മറുപടി നൽകുന്നുണ്ടെങ്കിലും എന്നാൽ, മഞ്‌ജു മദ്യപിക്കുമെന്ന് മൊഴി നൽകണമെന്നാണ് അഭിഭാഷകൻ പറയുന്നത്.
‘വീട്ടിൽ നിന്ന് പോകുന്നതിന്റെ മുൻപുള്ള സമയത്ത് മഞ്‌ജു മദ്യപിക്കാറുണ്ടെന്ന് പറയണം. മഞ്‌ജു പലവട്ടം വീട്ടിൽ മദ്യപിച്ച് വന്നിട്ടുണ്ടെന്ന് മൊഴി നൽകണം. വീട്ടിൽ എല്ലാവർക്കും അത് അറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടൻ നോക്കാമെന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല. ഇത് സംബന്ധിച്ച് ചേട്ടനും ഭാര്യയും ഞങ്ങളുടെ മുന്നിൽവെച്ച് തർക്കമുണ്ടായിട്ടുണ്ടെന്ന് പറയണം. പത്ത് വർഷത്തിൽ കൂടുതലായി ചേട്ടൻ മദ്യം തൊടാറില്ലെന്നും കോടതിയിൽ പറയണം’; അഭിഭാഷകൻ അനൂപിനോട് പറയുന്നു.
കൂടാതെ, നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു എന്ന വാദത്തിന് നൽകേണ്ട മൊഴികളും അഭിഭാഷകൻ അനൂപിന് പറഞ്ഞ് കൊടുത്തിരുന്നു. സംഭവദിവസം ദിലീപിന് പനിയും തൊണ്ടവേദനയുണ്ടായി ആശുപത്രിയിൽ അഡ്‌മിറ്റാക്കിയെന്നും സമയം കിട്ടുമ്പോൾ ദിലീപിനെ ആശുപത്രിയിൽ പോയി കാണാറുണ്ടായിരുന്നു എന്നും മൊഴി നൽകണമെന്നാണ് അഭിഭാഷകന്റെ നിർദ്ദേശം. ഇനി എന്തെങ്കിലും ചോദിച്ചാൽ ചോദ്യം മനസിലായില്ലെന്ന് പറയണമെന്നും അഭിഭാഷകൻ പറയുന്നുണ്ട്.
അതേസമയം, അനൂപിനെ പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. ആലുവ പോലീസ് ക്‌ളബ്ബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. നിലവിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ അനൂപ് നൽകുന്ന മൊഴികൾ നിർണായകമാകും.
Most Read: ‘തോർ: ലവ് ആൻഡ് തണ്ടർ’ ജൂലൈയിൽ; ടീസർ പുറത്ത്