വയനാട്: അയ്യംകൊല്ലിക്ക് സമീപം വട്ടക്കൊല്ലിയിൽ കൃഷിയിടത്തിൽ സ്‌ഥാപിച്ചിരുന്ന സോളാർ വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. കാടിറങ്ങിയ 4 വയസുള്ള കാട്ടാനക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വന്യ മൃഗങ്ങൾ കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി നിർമിച്ച സോളാർ വേലിയിലൂടെ നേരിട്ട് വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാന ചരിയാൻ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
വൈദ്യുത വേലിയുടെ കമ്പി ആനയുടെ തുമ്പിക്കയ്യിൽ കുരുങ്ങിയ നിലയിലാണ് ജഡം കണ്ടെത്തിയത്. ഗൂഡല്ലൂരിൽ നിന്നും വൈദ്യുതി വകുപ്പ് ജീവനക്കാർ ഉൾപ്പടെ സംഭവ സ്‌ഥലത്ത് എത്തി നിരീക്ഷണം നടത്തിയിരുന്നു. കൂടാതെ ജഡം പോസ്‌റ്റ്‌മോർട്ടം നടത്തിയ മുതുമല കടുവ സങ്കേതത്തിലെ ഡോക്‌ടർ രാജേഷ്, വൈദ്യുതാഘാതം മൂലമാണ് ആന ചരിഞ്ഞതെന്ന് സ്‌ഥിരീകരിച്ചു.
പോസ്‌റ്റുമോർട്ടം നടത്തിയ ശേഷം ആനയുടെ ജഡം മറവ് ചെയ്‌തു. സംഭവത്തിൽ കൃഷിയിടത്തിന്റെ ഉടമയുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കൂടാതെ മനിസഗുഡിക്ക് സമീപം വാഴത്തോട്ടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതവേലിയിൽ നിന്നും ഷോക്കേറ്റ് കഴിഞ്ഞ ദിവസം കരടിയും ചത്തിരുന്നു.
Read also: മൂലമറ്റത്തെ ജനറേറ്റർ തകരാർ വിലയിരുത്താൻ കെഎസ്‌ഇബി