ന്യൂയോര്‍ക്ക്: കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകമാനം റിപ്പോർട് ചെയ്തത് എട്ട് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 15.75 കോടി പിന്നിട്ടു. ഇന്നലെ മാത്രം 13,000ത്തില്‍ അധികം മരണങ്ങളാണ് ലോകത്ത് റിപ്പോര്‍ട് ചെയ്തത്. ഇതുവരെ കോവിഡ് മൂലം 32.83 ലക്ഷം ജീവനുകളാണ് വിവിധ രാജ്യങ്ങളിലായി പൊലിഞ്ഞത്. 13 കോടിയിലേറെ പേർ രോഗമുക്തിയും നേടിയിട്ടുണ്ട്.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. അതേസമയം പുതിയ കോവിഡ് കേസുകളില്‍ പകുതിയും റിപ്പോർട് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. ബ്രസീലിലും കോവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്.
യുഎസില്‍ 3.34 കോടി പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്ത രാജ്യത്ത് 5.94 ലക്ഷം പേര് കോവിഡ് ബാധിച്ചു മരണപ്പെട്ടു. 2.61 കോടി പേര് രോഗമുക്തിയും നേടിയിട്ടുണ്ട്.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 4.14 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട് ചെയ്തത്. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്തതിൽ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 36 ലക്ഷത്തിലേറെ ആളുകളാണ് രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നത്.
ബ്രസീലിലാകട്ടെ അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ഒന്നര ലക്ഷത്തിലധികം രോഗബാധിതരുള്ള രാജ്യത്ത് 4.19 ലക്ഷം പേര്‍ക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. 1.36 കോടി പേര് രോഗമുക്തിയും നേടി.
Read Also: കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി