ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17.56 കോടി പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 15.91 കോടി കടന്നപ്പോൾ മരണസംഖ്യ 37.88 ലക്ഷമായി ഉയര്‍ന്നു.
അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാമതുള്ളത്. യുഎസില്‍ 3.42 കോടി ആളുകൾക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം രാജ്യത്ത് 13,000ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്തത്. 391 പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 6.1 ലക്ഷമായി ഉയർന്നു.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് തൊട്ടുപിറകിലുള്ള ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 91,226 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.92 കോടിയിലധികം കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടത്. ആകെ മരണം 3.63 ലക്ഷമായി. അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതും ഇന്ത്യയിലാണ്.
ബ്രസീലിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇവിടെ 89,802 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2,344 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
Read Also: മാർട്ടിൻ ജോസഫ്; ദുരൂഹതകളുടെ നിറകുടമായ 33കാരന്റെ ആഡംബരം ഞെട്ടിക്കുന്നത്