മുംബൈ: മുംബൈയിലെ കുർളയിൽ നാല് നില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. കൂടാതെ 20ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. കെട്ടിടത്തിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി നിരവധി തവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചതാണ് ഇപ്പോൾ വലിയ അപകടത്തിലേക്ക് നയിച്ചത്.
അപകടത്തിൽ മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ പെയ്‌ത കനത്ത മഴയിലാണ് കെട്ടിടം തകർന്നു വീണത്. തുടർന്ന് ഉടൻ തന്നെ നാട്ടുകാരും ഫയർ ഫോഴ്‌സും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്നടിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ ഏറെ പണിപ്പെട്ടായിരുന്നു രക്ഷാദൗത്യം നടത്തിയത്.
പരിക്കേറ്റ ആളുകളെ രാജേവാഡി ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 2016ൽ തന്നെ ബലക്ഷയം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ ഈ കെട്ടിടത്തിന് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഉടമസ്‌ഥൻ താമസം അവസാനിപ്പിച്ചെങ്കിലും തൊഴിലാളികൾക്ക് വാടകക്ക് നൽകിയിരിക്കുകയായിരുന്നു. ഇവരാണ് ദുരന്തത്തിൽ ഇരയായത്. ഇതിന് സമീപമുള്ള മൂന്ന് കെട്ടിടങ്ങളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിട്ടും ആളുകൾ താമസിച്ചു വരികയാണ്.
Read also: കോവിഡ് മരണനിരക്കിൽ വർധന; ഭീഷണിയാകുന്നത് ഒമൈക്രോൺ, ജാഗ്രത