ബെംഗളൂരു: തോളില്‍ കൈവെച്ചതിന് പ്രവർത്തകന്റെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. മുഖത്തടിയേറ്റ പ്രവര്ത്തകന് തന്റെ ബന്ധുവാണെന്നും വിഷയം ഗൗരവമാക്കേണ്ടെന്നുമാണ് ഡികെ ശിവകുമാറിന്റെ പ്രതികരണം.
“തോളത്ത് കൈവെച്ചപ്പോള്‍ കൈയ്യെടുക്കാന്‍ വേണ്ടിയാണ് തല്ലിയത്. അദ്ദേഹം എന്റെ ബന്ധുവാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം മൂലമാണ് അങ്ങനെ ചെയ്തത്. അതൊരു വലിയ സംഭവമാക്കി എടുക്കേണ്ട കാര്യമില്ല”- ഡികെ ശിവകുമാര്‍ പറഞ്ഞു. പാർട്ടി എംപിയുമായി കൂടിക്കാഴ്ച നടത്താൻ ശിവകുമാർ വെള്ളിയാഴ്ച മാണ്ഡ്യയിൽ എത്തിയപ്പോഴാണ് സംഭവം. ശിവകുമാർ നടന്നുപോകുന്നതിനിടെ തോളിൽ കൈവെക്കാൻ ശ്രമിച്ച പ്രവർത്തകന്റെ കൈ പിന്നിലേക്ക് തട്ടിമാറ്റി മുഖത്തടിക്കുകയായിരുന്നു.
സ്വന്തം പ്രവർത്തകരോടുള്ള ശിവകുമാറിന്റെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണെന്ന് ബിജെപി വക്താവ് എസ് പ്രകാശ് പറഞ്ഞു. അദ്ദേഹം അഹങ്കാരത്തോടെ പെരുമാറുന്നു. തന്റെ മുൻകാല ചിത്രം മായ്ച്ചു കളയാൻ അദ്ദേഹത്തിന് കഴിയില്ല. പൊതുജീവിതത്തിൽ അടിസ്ഥാന മാന്യതയില്ലാത്ത ഒരു വ്യക്തിയാണ് പാർട്ടിയെ നയിക്കുന്നതെന്നും പ്രകാശ് ആരോപിച്ചു.
Read also: ‘ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാവൂ’; ഇന്ധനവില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രിയുടെ വിചിത്രവാദം