കോഴിക്കോട്: മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു. 96 വയസായിരുന്നു. ഒരു മാസം മുമ്പുണ്ടായ വീഴ്ചയെ തുടര്‍ന്ന് വീട്ടില്‍ ചികിൽസയിലും വിശ്രമത്തിലുമായിരുന്നു ഇദ്ദേഹം. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
പേരാമ്പ്രയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച നേതാവാണ് ചെക്കോട്ടി. 1951ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ ഇദ്ദേഹം 40 വര്‍ഷത്തോളം നൊച്ചാട് ലോക്കല്‍ സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അയിത്തത്തിനും തീണ്ടലിനുമെതിരായ സമരം, കുളിസമരം, മീശ വെക്കാനുള്ള സമരം, ഹരിജനങ്ങള്‍ക്ക് മുടി വെട്ടാനുള്ള സമരം, കുടിയിറക്കിനെതിരായ സമരം തുടങ്ങി നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ ധീര വിപ്ളവകാരിയാണ് വിട പറഞ്ഞിരിക്കുന്നത്. ജൻമിമാരുടെയും പോലീസിന്റെയും ക്രൂര മര്‍ദ്ദനങ്ങള്‍ക്കും ഇദ്ദേഹം നിരവധി തവണ ഇരയായിട്ടുണ്ട്.
ഭാര്യ: കല്യാണി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ എംകെ നളിനി ഉള്‍പ്പടെ ഏഴ് മക്കളാണുള്ളത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുന്‍ മന്ത്രിയുമായ ടിപി രാമകൃഷ്ണന് എംഎല്‍എ മരുമകനാണ്.
Malabar News: അട്ടപ്പാടിയിലെ മരുന്ന് വിതരണം; പ്രമേയം പാസാക്കി ഷോളയൂർ പഞ്ചായത്ത്