തിരുവനന്തപുരം: മലയാള സിനിമ-സീരിയൽ രംഗത്തെ പ്രശസ്ത നടൻ ജികെ പിള്ള അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണം സംഭവിച്ചത്. 97 വയസായിരുന്നു.
മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച നടനാണ് ജികെ പിള്ള. 1954ൽ പുറത്തിറങ്ങിയ സ്നേഹസീമ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം മലയാള സിനിമയിൽ സ്ഥിരം വില്ലൻ പദവി നേടിയ ആദ്യ നടനാണ്. 1958ൽ പുറത്തിറങ്ങിയ ‘നായര്‍ പിടിച്ച പുലിവാൽ’ എന്ന ചിത്രത്തിലൂടെയാണ് ജികെ പിള്ള വില്ലൻ കഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങിയത്.
1925ൽ തിരുവനന്തപുരത്തെ ചിറയിൻകീഴിൽ ഗോവിന്ദപ്പിള്ളയുടെയും, ജാനകിയമ്മയുടെയും മകനായി ജനിച്ച ജികെ പിള്ള തന്റെ 16ആം വയസിൽ പട്ടാളത്തിൽ ചേർന്നു. തുടർന്ന് 13 വർഷത്തെ സൈനിക ജീവിതത്തിൽ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിൽ അടക്കം പങ്കെടുത്തു. പിന്നീട് അഭിനയ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 350ഓളം ചിത്രങ്ങളിൽ വേഷമിട്ടു.
കൂടപ്പിറപ്പ്, മന്ത്രവാദി, പട്ടാഭിഷേകം, സ്ഥാനാര്‍ഥി സാറാമ്മ, നായര്‍ പിടിച്ച പുലിവാല്, ഉമ്മിണിത്തങ്ക, എഴുതാത്ത കഥ, ആരോമലുണ്ണി, തച്ചോളി അമ്പു, കൊച്ചിന് എക്സ്പ്രസ്, വല്യേട്ടന്, കാര്യസ്ഥന് എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഭാര്യ ഉൽപലാക്ഷിയമ്മ 2011ൽ അന്തരിച്ചു.
Read also: വാഹനാപകടം; ഗോവയിൽ മൂന്ന് മലയാളികൾ മരിച്ചു


































