ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി വിവരം. രാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭവനകളിലാണ് ക്രമക്കേട് നടന്നത്. ഇതിൽ അന്വേഷണം തുടരുന്നതിനിടെ, സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികൾ രേഖകളില്ലെന്നും എസ്ഐടി കണ്ടെത്തി.
പ്രാണപ്രതിഷ്ഠാ ചടങ്ങിനിടെ ജൂവലേഴ്സ് അസോസിയേഷൻ എന്ന സംഘടന രാം ലല്ലയ്ക്ക് സമർപ്പിച്ചവയാണ് ഇവയെന്നാണ് റിപ്പോർട്. സംഭവവുമായി ബന്ധപ്പെട്ട് രാം ലല്ലയ്ക്ക് ലഭിക്കുന്ന ആഭരണങ്ങളുടെയും മറ്റും മേൽനോട്ട ചുമതലയുള്ള കൃഷ്ണദേവ് തിവാരിയുൾപ്പടെ നാല് പുരോഹിതൻമാരെ എസ്ഐടി സംഘം ചോദ്യം ചെയ്തു.
ക്ഷേത്ര ജീവനക്കാർക്ക് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചേക്കും. അതേസമയം, ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടുമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത യോഗത്തിൽ നിന്ന് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത് റായിയെ മാറ്റി നിർത്തി.
ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച സ്വർണം, വെള്ളി, വജ്രം തുടങ്ങിയ വിലയേറിയ വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. അഞ്ച് ജീവനക്കാരെ എസ്ഐടി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിലൊരാളുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയും കണ്ടെടുത്തു.
യുപി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അയോധ്യയിലെ സംഭാവന ക്രമക്കേട്, സാമ്പത്തികത്തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. രാജ്യത്തുടനീളമുള്ള ജൂവലറികളിൽ നിന്നുള്ള സംഭാവനകൾ ഉപയോഗിച്ചാണ് 60 കിലോഗ്രാം വെള്ളിക്കട്ടികൾ ക്ഷേത്രത്തിന് നൽകിയതെന്ന് അസോസിയേഷൻ പ്രസിഡണ്ട് അനുരാഗ് റസ്തോഗി പറഞ്ഞു. എന്നാൽ, ശിലാസ്ഥാപന ചടങ്ങുകളോ പിന്നീടുള്ള നിർമാണ പ്രവർത്തനങ്ങളിലോ ഇവ കണ്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ




































