വാഷിങ്ടൻ: പശ്‌ചിമേഷ്യയിലെ സംഘർഷ സാഹചര്യം പൂർണമായി അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ഇറാനും യുഎസും തമ്മിൽ നിർണായക ചർച്ച ഇന്ന് സ്വിറ്റ്‌സർലൻഡിൽ നടക്കും. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും സ്വിറ്റ്സർലൻഡിലേക്ക് പോകുന്നതായാണ് റിപ്പോർട്.
നേരത്തെ നിശ്‌ചയിച്ചിരുന്ന ചർച്ചകൾ മാറ്റിവെച്ചതിനെ തുടർന്നാണിത്. ട്രംപിന്റെ മറ്റൊരു പ്രതിനിധിയും അദ്ദേഹത്തിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നറും ചർച്ചകളിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിൽ എത്തുമെന്നാണ് കരുതുന്നത്.
ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിൽ ലബനനിൽ ശക്‌തമായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് വ്യാഴാഴ്‌ച തന്റെ സ്വിറ്റ്‌സർലൻഡ് യാത്ര റദ്ദാക്കിയിരുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി ബുധനാഴ്‌ച അമേരിക്കയും ഇറാനും കരാറിൽ ഒപ്പുവെച്ചിരുന്നു.
യുഎസ്-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു മണിക്കൂറുകൾക്കുള്ളിൽ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ സൈന്യം അറിയിച്ചു. എന്നാൽ, കപ്പൽ സഞ്ചാരം തടസപ്പെട്ടതിന് തെളിവുകളില്ലെന്ന് യുഎസ് വ്യക്‌തമാക്കി.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































