തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഈമാസം 29ആം തീയതി കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യ ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചു.
കഴിഞ്ഞ 17ന് വീണയെ എട്ടുമണിക്കൂറോളം ഇഡി ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, അന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, മൊഴികളിൽ ചില പൊരുത്തക്കേടുകളും ഉള്ളതായി ഇഡിക്ക് സംശയം ഉണ്ടായിരുന്നു. ശേഖരിച്ച രേഖകളും വീണ നൽകിയ മൊഴികളും തമ്മിൽ അന്തരമുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിലുള്ള വീണയുടെ അക്കൗണ്ടുകളിൽ ഇഡി വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിന് മുന്നോടിയായി ലോക്കറിലും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാകും വരും ദിവസങ്ങളിലെ ചോദ്യം ചെയ്യൽ.
വീണാ വിജയൻ മാനേജിങ് ഡയറക്‌ടറായ എക്‌സാലോജിക്ക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്‌ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ വായ്‌പയായി നേടിയെന്നുമാണ് ഇഡിയുടെ കേസ്. ഈ തുക കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വാദം.
Most Read| യുഎസ്-ഇറാൻ നിർണായക ചർച്ച ഇന്ന് സ്വിറ്റ്‌സർലൻഡിൽ






































