തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും ഓഫിസേഴ്സ് അസോസിയേഷനും തമ്മിലുള്ള തർക്കം പരിഹരിക്കാനായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ച. ഉച്ചക്ക് 12 മണിക്ക് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളും പങ്കെടുക്കും.
കെഎസ്ഇബി ചെയർമാനെതിരെ അസോസിയേഷൻ നടത്തിയ സമരത്തിനിടെ ബോർഡ് ഓഫിസിലേക്ക് തള്ളിക്കയറിയ സംഘടനാ നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുത്തുവെങ്കിലും സ്ഥലം മാറ്റിയിരുന്നു. പ്രശ്നം പരിഹരിക്കാൻ മന്ത്രിതല ചർച്ചകൾ നടത്തിയിരുന്നെങ്കിലും സ്ഥലംമാറ്റം റദ്ദാക്കാൻ മാനേജ്മെന്റ് തയ്യാറായിരുന്നില്ല.
ഇതിനെതിരെ ചട്ടപ്പടി സമരം നടത്താൻ ഓഫീസർസ് അസോസിയേഷൻ തീരുമാനിച്ച ശേഷമാണ് സമരക്കാർക്കെതിരെ കെസ്മ (കേരള ആവശ്യസേവന പരിപാലന നിയമം) പ്രയോഗിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിനിടെയാണ് പ്രശ്ന പരിഹാരത്തിനായി വീണ്ടും മന്ത്രിതല ചർച്ച നടത്തുന്നത്.
Most Read: പിസി ജോർജിന്റെ ജാമ്യം; സർക്കാർ ഇന്ന് അപ്പീൽ നൽകും