ന്യൂയോർക്ക്: യുഎസിൽ വീണ്ടും വെടിവെപ്പ്. ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആദ്യം കയറുകയും ശേഷം പുറത്തിറങ്ങി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപമെത്തി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന, വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനാണ്.
അന്വേഷണം നിലവിൽ പ്രാരംഭഘട്ടത്തിലാണെന്നും അക്രമിയുടെ ഉദ്ദേശം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ആക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം ബഫലോ നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ മാറിയുള്ള സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം, കറുത്ത വംശജര്‍ കൂടുതല്‍ താമസിക്കുന്ന മേഖലയാണ്. അതിനാൽ തന്നെ വംശീയ പ്രേരിതമാണോ ആക്രമണമെന്ന് അന്വേഷിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read Also: മഴ മുന്നറിയിപ്പ്; ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഡിജിപി