കണ്ണൂർ: വളപട്ടണം ഐഎസ് കേസിൽ മൂന്നുപ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെവി അബ്ദുൾ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി യുകെ ഹംസ എന്നിവരാണ് കേസിലെ പ്രതികൾ.
രാജ്യാന്തര ഭീകര സംഘടനയായ ഐഎസിന് വേണ്ടി യുവാക്കളെ കടത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും സിറിയയിൽ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്. പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പദ്ധതിയിട്ടെന്ന് കോടതി വിധിയിൽ പറയുന്നു. ശിക്ഷാ ഇളവ് വേണമെന്ന് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടു. അഞ്ചുവർഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയിൽ കുറച്ച് നൽകണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15ലേറെ പേർ ഐഎസിൽ ചേർന്നെന്ന കേസിൽ ആദ്യം ലോക്കൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
Most Read: ഫാർമസികൾ കാലിയായി; സംസ്ഥാനത്ത് മരുന്ന് ക്ഷാമത്തിൽ വലഞ്ഞ് പൊതുജനം