ഇൻഷുറൻസിനായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ

മലപ്പുറം അഴീക്കോട് സ്വദേശി ഷെരീഫാണ് ബെംഗളൂരുവിൽ പിടിയിലായത്. 2012 ജൂലൈ 21ന് ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടർ തള്ളിയിട്ട് കൊന്നുവെന്നാണ് കേസ്.

By Senior Reporter, Malabar News
Crime
Representational Image
Ajwa Travels

മലപ്പുറം: ഇൻഷുറൻസ് തുകയ്‌ക്കായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ. മലപ്പുറം അഴീക്കോട് സ്വദേശി ഷെരീഫാണ് ബെംഗളൂരുവിൽ പിടിയിലായത്. 2012 ജൂലൈ 21ന് ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടർ തള്ളിയിട്ട് കൊന്നുവെന്നാണ് കേസ്.

ഭാര്യ ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെയാണ് വെള്ളക്കെട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്. പെരുന്നാൾ വസ്‌ത്രങ്ങൾ വാങ്ങി കോഴിക്കോടുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷെരീഫ് ക്രൂരകൃത്യം നടത്തിയത്.

പുലർച്ചെ ഏകദേശം രണ്ടരമണിയോടെ, വീടിന് മീറ്ററുകൾ ദൂരം മാത്രം ബാക്കി നിൽക്കെ, വാവൂർ ആലുക്കൽ റോഡിന് സമീപത്തെ വെള്ളക്കെട്ടിലേക്കാണ് ഷെരീഫ് സ്‌കൂട്ടർ തള്ളിയിട്ടത്. ഭാര്യയും മക്കളും നിമിഷനേരം കൊണ്ട് വെള്ളക്കെട്ടിൽ മുങ്ങിത്താഴ്‌ന്നു. അരക്കിലോമീറ്റർ അകലെയുള്ള അയൽക്കാരൻ ഗഫൂറിന്റെ വീട്ടിലേക്ക് ഓടിക്കയറി വന്ന ഷെരീഫ് പറഞ്ഞത്, എന്റെ സ്‌കൂട്ടർ ടയർ പഞ്ചറായി വെള്ളക്കെട്ടിലേക്ക് മറിഞ്ഞെന്നാണ്.

എന്നാൽ, നനഞ്ഞൊട്ടി മരവിച്ച മകൾ ഫിദയുടെ മൃതദേഹം കൈകളിലേന്തി വന്ന ഷെരീഫിന്റെ വസ്‌ത്രത്തിൽ ഒരിടത്തുപോലും ഒരു പോറലേറ്റ പാടുണ്ടായിരുന്നില്ല. മണൽവാരൽ തൊഴിലാളിയായ ഷെരീഫ്, ഭാര്യയെയും മക്കളെയും രക്ഷിക്കാൻ ശ്രമിക്കാതെ, അയൽക്കാരന്റെ വീട്ടിലേക്ക് ഓടിക്കയറിയതിലും സംശയം ഉയർന്നിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കൊലപാതകത്തിന് രണ്ടുമാസം മുൻപ് ഭാര്യ സാബിറയുടെ പേരിൽ ഷെരീഫ് പത്തുലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു.അപകടം ആണെങ്കിൽ തുക ഇരട്ടി ലഭിക്കുമെന്ന് അയാൾ കണക്കുകൂട്ടി. രണ്ടാം വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പിന്നാലെയാണ് ക്രൂരകൃത്യം.

76ആം ദിവസം അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ, പ്രതിക്ക് ജാമ്യം ലഭിച്ചു. 2015 ഏപ്രിൽ 22ന് ഒളിവിൽ പോയതിന് ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. കർണാടകയിലെത്തിയ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. അവിടെ പേരും വിലാസവും മാറ്റി മറ്റൊരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE